മെല്‍ബണ്‍:ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യ എ ടീമിനെതിരേ പന്ത് ചുരണ്ടല്‍ ആരോപണവുമായി അമ്പയര്‍. കളിയുടെ നാലാം ദിനം ഓസ്ട്രേലിയ എ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ മൂന്നാം ദിനം ഇന്ത്യന്‍ ടീം ഉപയോഗിച്ച പന്തിന് പകരം പുതിയ പന്തായിരുന്നു അമ്പയര്‍മാര്‍ ബൗളിങ്ങിനായി നല്‍കിയത്. എന്നാല്‍ ഇത് ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്യുകയുണ്ടായി. അതിനിടെയാണ് ഇന്ത്യയ്‌ക്കെതിരേ പന്തില്‍ കൃത്രിമം കാണിച്ചെന്ന് അമ്പയര്‍ ആരോപണം ഉയര്‍ത്തിയത്.
'നിങ്ങള്‍ ഇന്നലെ കളിച്ച പന്തില്‍ ചുരണ്ടിയതുകൊണ്ടാണ് പുതിയ പന്ത് നല്‍കിയതെന്ന് അമ്പയറായ ഷോൺ ക്രെയ്‌ഗ് ഇന്ത്യന്‍ താരങ്ങളോട് പറയുന്നത് സ്റ്റംപ് മൈക്കിൽ കുടുങ്ങിയിരുന്നു. കൂടാതെ ഇനി ചർച്ച വേണ്ട, കളി തുടരാനും അമ്പയര്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇഷാന്‍ കിഷൻ തീരുമാനത്തെ ചോദ്യം ചെയ്‌തു. 'അപ്പോൾ ഞങ്ങൾ ഈ പന്തിൽ കളിക്കേണ്ടതുണ്ടോ? ഇത് വിഡ്ഢിത്തമായ തീരുമാനമാണെന്ന് പറഞ്ഞപ്പോള്‍ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്‌തതിന്‍റെ പേരില്‍ ഇഷാന് താക്കീത് നല്‍കുകയും ചെയ്‌തു.
അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതിന് നിങ്ങളെ റിപ്പോര്‍ട്ട് ചെയ്യുമെന്നും നിങ്ങളുടെ ടീമിന്‍റെ പ്രവൃത്തികൾ കൊണ്ടാണ് ഞങ്ങൾ പന്ത് മാറ്റിയതെന്നും അമ്പയര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യക്കെതിരേ ഔദ്യോഗികമായി പന്തില്‍ കൃത്രിമം കാണിച്ചെന്ന പരാതി ഉന്നയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇന്ത്യ എ കളിക്കാർ ബോധപൂർവം പന്തിന്‍റെ അവസ്ഥയിൽ മാറ്റം വരുത്തിയതായി കണ്ടെത്തിയാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം പ്രകാരം വിഷയത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്കെതിരേ വിലക്ക് വന്നേക്കാം.