സ്ട്രാസ്ബര്‍ഗ് (ഫ്രാന്‍സ്):ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്കോ-സ്വിസ് വിമാനത്താവളം താത്ക്കാലികമായി ഒഴിപ്പിച്ചു. ഫ്രഞ്ച് അതിവേഗ റെയില്‍ ശൃംഖലയില്‍ തീവയ്പ് അടക്കമുള്ള ആക്രമണങ്ങള്‍ അരങ്ങേറിയതിന് തൊട്ടുപിന്നാലെയാണിത്. ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവയെന്നതും ശ്രദ്ധേയമാണ്.
ഫ്രാന്‍സ് അതിര്‍ത്തി പങ്കിടുന്ന സ്വിറ്റ്സര്‍ലന്‍ഡ് നഗരമായ ബേസലില്‍ സ്ഥിതി ചെയ്യുന്ന യൂറോ വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ഒഴിപ്പിച്ച വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്. വിമാനസര്‍വീസുകളും പുനരാരംഭിച്ചു. നേരത്തെ ബേസല്‍ -മല്‍ഹൗസ് വിമാനത്താവളം സുരക്ഷാ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി അറിയിച്ചിരുന്നു. യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടണമെന്നും അധികൃതര്‍ എക്‌സിലെ പോസ്റ്റിലൂടെ നിര്‍ദ്ദേശിച്ചിരുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12.42 പുറത്ത് വന്ന മറ്റൊരു എക്‌സ് പോസ്റ്റിലാണ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചതായി അറിയിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ വിമാനത്താവളമടക്കം ഫ്രാന്‍സിലെ വിവിധ വിമാനത്താവളങ്ങള്‍ വ്യാജ ബോംബ് ഭീഷണി പരമ്പര മൂലം ഒഴിപ്പിക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഈ വിമാനത്താവളത്തില്‍ 80 ലക്ഷം യാത്രക്കാരാണ് വന്ന് പോയത്. അതിവേഗ റെയില്‍ ശൃംഖലയില്‍ ആക്രമണം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് വിമാനത്താവളത്തിന് നേരെയും ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാരെയാണ് റെയില്‍ശൃംഖലയിലെ ആക്രമണം ബാധിച്ചത്.
അതേസമയം അട്ടിമറികള്‍ ഒളിമ്പിക്സിനെ ബാധിക്കില്ലെന്ന് സിറ്റി മേയര്‍ അന്നെ ഹിഡാല്‍ഗോ അറിയിച്ചു. സ്പെയിന്‍ രാജാവ് ഫെലിപ് ആറാമനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു ഈ പ്രതികരണം. മണിക്കൂറുകള്‍ മാത്രമാണ് പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന മാമാങ്കത്തിന് ഇനി ശേഷിക്കുന്നത്.