കോട്ടയം: ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇതര സംസ്ഥാന സ്വദേശികളായ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ബാംഗ്ലൂർ സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിച്ച്, യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനു ശേഷം ഇവർ വൈദികനെ വീഡിയോ കോൾ ചെയ്‌ത് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി.
ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മാസം മുതൽ പലതവണകളായി വൈദികനിൽ നിന്ന് 41,52,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിനു ശേഷം സംഘം വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് വൈദികന്‍ പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരെ പിടികൂടുകയും ചെയ്‌തു.
വൈക്കം സ്റ്റേഷൻ എസ്.ഐ ജയകൃഷ്‌ണൻ, കുര്യൻ മാത്യു, സി.പി.ഒ മാരായ നിധീഷ്, ജോസ് മോൻ, സനൽ, മഞ്ജു, നെയ്‌തിൽ ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്‌തു.