പത്തനംതിട്ട: കായിക താരത്തെ പതിനാറ് വയസ് മുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട് 14 പേർ പൊലീസിന്‍റെ പിടിയിലായി. ഇതുവരെ 5 കേസുകളിലാണ് രജിസ്റ്റർ ചെയ്‌തത്. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌ത ഇലവുംതിട്ട പൊലീസ് അഞ്ച് യുവാക്കളെ ഇന്നലെ പിടികൂടിയിരുന്നു.
തുടർന്ന് ഇന്ന് പത്തനംതിട്ട പൊലീസ് 3 കേസുകളെടുക്കുകയും ആകെയുള്ള 14 പ്രതികളിൽ 9 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. സുബിൻ (24), വി കെ വിനീത് (30), കെ അനന്ദു (21), എസ് സന്ദീപ് (30), ശ്രീനി എന്ന എസ് സുധി (24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയത ഒരു കേസിലെ പ്രതികൾ.
ഇവിടെ രജിസ്റ്റർ ചെയ്‌ത മറ്റൊരു പോക്സോ കേസിൽ അച്ചു ആനന്ദ് (21) ആണ് പ്രതി. ആദ്യത്തെ കേസിൽ അഞ്ചാം പ്രതി സുധി പത്തനംതിട്ട പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്‌ത മറ്റൊരു പോക്സോ കേസിൽ നിലവിൽ ജയിലിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ ചേർത്ത ഈ കേസിന്‍റെ അന്വേഷണം പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് പൊലീസ് ഇൻസ്‌പെക്‌ടർ ടി കെ വിനോദ് കൃഷ്‌ണനാണ് അന്വേഷിക്കുന്നത്.
13 വയസുള്ളപ്പോൾ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു കൊടുക്കുകയും, കുട്ടിയുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കുകയും ചെയ്‌തു.
തുടർന്ന് കുട്ടിക്ക് 16 വയസ് ആയപ്പോൾ ബൈക്കിൽ കയറ്റി വീടിന് സമീപമുളള അച്ചൻകോട്ടുമലയിലെത്തിച്ച് ആൾതാമസമില്ലാത്ത ഭാഗത്തെ റബർ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്‌തു.
പിന്നീട് മറ്റൊരു ദിവസം പുലർച്ചെ രണ്ട് മണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്തെ റോഡ് വക്കിലെ ഷെഡിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇവർ സംഘം ചേർന്ന് അച്ചൻകൊട്ടുമലയിലെത്തിച്ച് ബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിങ്ങിൽ തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങൾ കൗൺസിലർമാരെ കുട്ടി അറിയിക്കുകയായിരുന്നു.
സ്ഥാപന അധികൃതർ ഇടപെട്ട് കുട്ടിയെ കോന്നി നിർഭയ ഹെൻട്രി ഹോമിൽ കഴിഞ്ഞ ഡിസംബർ 6 മുതൽ പാർപ്പിച്ചു വരികയാണ്. എട്ടിനും 13 നും സി ഡബ്ല്യു സി കൗൺസിലിങ്ങിന് കുട്ടിയെ വിധേയയാക്കിയിരുന്നു. നിരവധി ആളുകൾ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴികൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം പത്തനംതിട്ട വനിതാ പൊലീസ് എസ്ഐ കെആർ ഷെമിമോൾ അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസ് ഇന്ന് രജിസ്റ്റർ ചെയ്‌തത്.
മൊഴികൾ പ്രകാരം നിയമ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. ഊർജ്ജിതമാക്കിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ വീടുകളിൽ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തത്. ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്‍റെ സുഹൃത്താണ് ഇവിടെ അറസ്റ്റിലായ മറ്റ് പ്രതികൾ.
ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള അന്വേഷണം വ്യാപകമാക്കി. സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടി അച്ഛന്‍റെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.
പത്തനംതിട്ട സ്റ്റേഷനിൽ സംഭവത്തിൽ രജിസ്റ്റർ ചെയ്‌തത് മൂന്ന് കേസുകളാണ്. ഷംനാദ് (20) ആണ് ആദ്യ കേസിൽ അറസ്റ്റിലായത്. അടുത്ത കേസിൽ 6 പ്രതികളാണ് പിടിയിലായത്. ഇതിൽ ഒരാൾ 17 -കാരനാണ്. അഫ്‌സൽ (21), ഇയാളുടെ സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക്ക് (18) എന്നിവരാണ് പിടിയിലായ പ്രതികൾ.
ഇതിൽ അഫ്‌സൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മനപ്പൂർവമല്ലാത്ത നരഹത്യ ശ്രമത്തിന് എടുത്ത രണ്ട് കേസുകളിൽ പ്രതിയായിട്ടുണ്ട്. ഈ കേസുകളിൽ നിലവിൽ ജാമ്യത്തിലാണ്. ആഷിക്, അഫ്‌സൽ പ്രതിയായ ഒരു കേസിൽ കൂട്ടുപ്രതിയാണ്. കോടതി ജാമ്യത്തിലാണിപ്പോൾ.
മറ്റൊരു കേസിൽ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്.
പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളിൽ 2014 ലെ രണ്ട് മോഷണ കേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിൽ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ്. കുട്ടിയുടെ വെളിപ്പെടുത്തൽ പ്രകാരം കൂടുതൽ കേസുകൾ എടുത്തേക്കുമെന്ന് പൊലീസ് അറിയിച്ചു.