ക്രിക്കറ്റ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ബാറ്റർമാരെ പുറത്താക്കുന്നത് ബൗളർമാർക്ക് എന്നും ആവേശമാണ്. റൺ ഒഴുക്ക് നിയന്ത്രിക്കാനും എതിര്‍ടീമിനെ കൂടാരം കയറ്റാനും ബൗളര്‍മാര്‍ ഏതുവിധേനയും ബാറ്റര്‍മാരെ പുറത്താക്കാന്‍ ശ്രമിക്കും. വിവിധ വഴികളിലൂടെ ബാറ്റര്‍മാര്‍ കളിയില്‍ നിന്ന് പുറത്താവാറുണ്ട്. റണ്‍സെടുക്കുന്നതിനിടെ റണ്ണൗട്ടാകുന്ന ബാറ്റര്‍മാരുണ്ട്.
റണ്ണൗട്ടാകുന്നത് ഭൂരിഭാഗവും പരിമിത ഓവർ ക്രിക്കറ്റിലാണ് സംഭവിക്കുക. എന്നാല്‍ ടെസ്റ്റില്‍ റൺസ് നേടാനുള്ള തിരക്കില്ലാത്തത് കൊണ്ട് റണ്ണൗട്ടാകുന്നത് കുറവാണ്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഒരിക്കലും റണ്ണൗട്ടാകാത്ത താരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള 5 താരങ്ങൾ പട്ടികയിലുണ്ട്. അവര്‍ ആരൊക്കെയെന്നറിയാം.
കപിൽ ദേവ് (ഇന്ത്യ)
ടെസ്റ്റ് കരിയറിൽ ഇതുവരെ റണ്ണൗട്ടാകാത്ത ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടംനേടിയ ഇതിഹാസ താരമാണ് കപിൽ ദേവ്. 16 വർഷത്തെ കരിയറിൽ കപിൽ റണ്ണൗട്ടായിട്ടില്ല. 1983ൽ താരത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടി. 1978ൽ പാക്കിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കപില്‍ദേവ് 1994ൽ ന്യൂസിലൻഡിനെതിരെയാണ് അവസാനമായി കളിച്ചത്.
1978 മുതൽ 1994 വരെ 131 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 8 സെഞ്ചുറികളും 27 അർദ്ധ സെഞ്ചുറികളും സഹിതം 5,248 റൺസ് നേടിയിട്ടുണ്ട്. പുറമെ 434 ടെസ്റ്റ് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഇന്ത്യക്കായി 225 ഏകദിന മത്സരങ്ങൾ കളിച്ച കപിൽ ദേവ് ഒരു സെഞ്ചുറിയും 14 അർധസെഞ്ചുറികളും സഹിതം 3,783 റൺസ് നേടിയിട്ടുണ്ട്. ഈ ഫോർമാറ്റിൽ 253 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.
മുദാസർ നാസർ (പാകിസ്ഥാൻ)
പാകിസ്ഥാനിൽ നിന്ന് നിരവധി മികച്ച ക്രിക്കറ്റ് താരങ്ങൾ എത്തിയിട്ടുണ്ട്. സയീദ് അൻവർ മുതൽ ഷാഹിദ് അഫ്രീദി വരെയുള്ള നിരവധി താരങ്ങൾ പാക്കിസ്ഥാനുവേണ്ടിയുള്ള മികച്ച പ്രകടനത്തിലൂടെ ജനപ്രീതി നേടിയിട്ടുണ്ട്. വസീം അക്രം, വഖാർ യൂനസ്, ഷോയിബ് അക്തർ തുടങ്ങിയ ലോകോത്തര ഫാസ്റ്റ് ബൗളർമാരെ സൃഷ്ടിച്ച പാകിസ്ഥാനില്‍ തന്‍റെ കരിയറിൽ ഒരിക്കലും റണ്ണൗട്ടാകാത്ത ഒരു ബാറ്ററാണ് മുദസർ നാസർ. 76 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 10 സെഞ്ച്വറികൾ ഉൾപ്പെടെ 4114 റൺസ് നേടിയിട്ടുണ്ട്. കൂടാതെ, 122 ഏകദിന മത്സരങ്ങൾ കളിച്ച അദ്ദേഹം 2653 റൺസ് നേടി. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായും മുദസർ നാസർ പ്രവർത്തിച്ചിട്ടുണ്ട്.
പീറ്റർ മേ (ഇംഗ്ലണ്ട്)
'പീറ്റർ ബാർക്കർ ഹോവാർഡ് മേ' എന്നാണ് ഈ ഇംഗ്ലീഷ് താരത്തിന്‍റെ മുഴുവൻ പേര്. ഇംഗ്ലണ്ടിന്‍റെ മുൻ ക്യാപ്റ്റനും മികച്ച ബാറ്ററുമായിരുന്നു പീറ്റർ മെയ്. ടെസ്റ്റ് കരിയറിൽ ഒരിക്കൽ പോലും താരം റണ്ണൗട്ടായിട്ടില്ല. 1951 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പീറ്റർ ഇംഗ്ലണ്ടിനായി 66 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. 13 സെഞ്ചുറികളും 22 അർദ്ധ സെഞ്ചുറികളും സഹിതം 4537 റൺസ് നേടിയിട്ടുണ്ട്. 285 റൺസായിരുന്നു പീറ്ററിന്‍റെ ഉയർന്ന സ്കോർ.
ഗ്രെയിം ഹിക്ക് (ഇംഗ്ലണ്ട്)
ഗ്രെയിം ഹിക്ക് ജനിച്ചത് സിംബാബ്‌വെയിലാണെങ്കിലും ക്രിക്കറ്റ് കളിച്ചത് ഇംഗ്ലണ്ടിന് വേണ്ടിയാണ്. 1991 മുതൽ 2001 വരെ ഇംഗ്ലണ്ടിനായി ഗ്രെയിം 65 ടെസ്റ്റുകളും 120 ഏകദിനങ്ങളും കളിച്ചെങ്കിലും ഒരിക്കലും റണ്ണൗട്ടായിട്ടില്ല. ടെസ്റ്റിൽ 6 സെഞ്ചുറികളും 18 അർധസെഞ്ചുറികളും സഹിതം 3,383 റൺസ് നേടി. 120 ഏകദിനങ്ങളിലും ഗ്രെയിം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. ഇതിൽ 5 സെഞ്ചുറികളും 27 അർദ്ധ സെഞ്ചുറികളും സഹിതം 3,846 റൺസാണ് താരം സ്വന്തമാക്കിയത്.
പോൾ കോളിങ്‌വുഡ് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിനായി മൂന്ന് ഫോർമാറ്റുകളും കളിച്ച പോൾ കോളിങ് വുഡ് മികച്ച ഓൾറൗണ്ടറായിരുന്നു. ഇംഗ്ലീഷ് ടീമിനായി 68 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4,259 റൺസ് നേടിയെങ്കിലും ടെസ്റ്റ് കരിയറിൽ റണ്ണൗട്ടായിട്ടില്ല. പോളിന്‍റെ ക്യാപ്റ്റൻസിയിൽ ഇംഗ്ലണ്ട് ടീം 2010 ഐസിസി ടി20 വേൾഡ് ട്രോഫി നേടി. പുറമെ 197 ഏകദിനങ്ങളിൽ 5 സെഞ്ചുറികളും 26 അർധസെഞ്ചുറികളും ഉൾപ്പടെ 5,092 റൺസാണ് താരം നേടിയത്. 36 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ മൂന്ന് അർദ്ധ സെഞ്ച്വറികളോടെ ആകെ 538 റൺസ് നേടി. കൂടാതെ താരം 8 ഐപിഎൽ മത്സരങ്ങളും കളിച്ചിട്ടുണ്ട്.