ന്യൂഡല്‍ഹി : രാംലല്ല പ്രാണ പ്രതിഷ്‌ഠയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ആഘോഷ പരിപാടി നടത്താനുള്ള യുപി സര്‍ക്കാരിന്‍റെ പദ്ധതിയെ വിമര്‍ശിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംപി മനോജ് ഝാ. ഭരണകൂടം യുവതയുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നതില്‍ ആയിരിക്കണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് എന്നും മനോജ് ഝാ പറഞ്ഞു.
'ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ ചിന്തിക്കണം. ക്ഷേത്രം ബിജെപിയുടേതല്ല. കോടതി ഉത്തരവിലൂടെ നിര്‍മിച്ചതാണ് ഈ ക്ഷേത്രം. ഇതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ യോഗി ആദിത്യനാഥിന് തന്‍റെ ഇടപെടല്‍ ചൂണ്ടിക്കാട്ടാനാകില്ല. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂ. അദ്ദേഹം എന്തു ചെയ്‌തു എന്നും എന്ത് ചെയ്‌തില്ല എന്നും വിശദീകരിക്കേണ്ടി വരും' -ഝാ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, രാംലല്ല പ്രാണപ്രതിഷ്‌ഠയുടെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഇന്ന് ആരംഭിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംലല്ല പ്രതിഷ്‌ഠയില്‍ അഭിഷേകം നടത്തി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് പ്രാണ പ്രതിഷ്‌ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാന ചടങ്ങുകള്‍ നിര്‍വഹിച്ചത്.
കഴിഞ്ഞ വർഷം, ഹിന്ദു കലണ്ടര്‍ പ്രകാരം പൗഷ് മാസത്തിലെ ശുക്ല പക്ഷത്തിലെ കൂർമ്മ ദ്വാദശിയിലായിരുന്നു ചടങ്ങ്. ഈ വർഷം ശുക്ല പക്ഷം ജനുവരി 11 നാണ്. വാര്‍ഷികവുമായി ബന്ധപ്പെട്ട് വന്‍ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ജനുവരി 11 മുതൽ 13 വരെ നടക്കുന്ന ഈ ആഘോഷങ്ങളിൽ, കഴിഞ്ഞ വർഷം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത സാധാരണക്കാരെയും ക്ഷണിക്കപ്പെട്ട 110 ഓളം വിഐപികളെയും ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു.