മുംബൈ:ഐപിഎല്ലിന് പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശിവം ദുബെയെ പിന്തുണച്ച് ഓസ്‌ട്രേലിയയുടെ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനമാണ് ദുബെ നടത്തുന്നത്. സ്പിന്നർമാരെയും ഫാസ്റ്റ് ബോളർമാരെയും മികച്ച രീതിയില്‍ നേരിടാന്‍ ദുബെയ്‌ക്ക് കഴിയും. താരത്തിന്‍റെ ഓള്‍റൗണ്ടിങ് മികവ് ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും 52-കാരനായ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
"ശിവം ദുബെ, അവന്‍റെ ഫോമിനെ പ്രതിരോധിക്കുക എന്നത് ബോളര്‍മാര്‍ക്ക് ഏറെ കഠിനമായ കാര്യമാണ്. സ്‌പിന്നര്‍മാര്‍ക്ക് എതിരെയും പേസര്‍മാര്‍ക്കെതിരെയും മികച്ച രീതിയില്‍ കളിക്കാന്‍ അവന് കഴിയുന്നുണ്ട്. തന്‍റെ ഷോട്ട് സെലക്ഷനിൽ അവന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് തോന്നുന്നു.
ഗ്രൗണ്ടിന് ചുറ്റും പന്തടിച്ചാണ് അവന്‍ റണ്‍സ് നേടുന്നത്. അവന്‍റെ ഓള്‍റൗണ്ടര്‍ മികവും ടീമിന് ഗുണം ചെയ്യും. ടി20 ലോകകപ്പ് പദ്ധതിയുടെ ഭാഗമാണെങ്കില്‍ കുറഞ്ഞത് നെറ്റ്‌സിലെങ്കിലും അവൻ ധാരാളം പന്തെറിയുന്നുവെന്നത് ഉറപ്പാക്കേണ്ടതുണ്ട്. അതു മാച്ച് പ്രാക്‌ടീസ് അല്ലെന്ന് എനിക്കറിയാം.
എന്നാല്‍ ടൂര്‍ണമെന്‍റ് പുരോഗമിക്കുമ്പോള്‍ അവന്‍ ബോള്‍ ചെയ്യുന്നത് നിങ്ങൾ കണ്ടേക്കാം. എന്തുതന്നെയായാലും, അവന്‍റെ പ്രതിഭയെ പ്രതിരോധിക്കുന്നത് പ്രയാസകമായ കാര്യമാണ്"- ഒരു ചര്‍ച്ചയ്‌ക്കിടെ ഗില്‍ക്രിസ്‌റ്റ് പറഞ്ഞു.