ഹരാരെ :സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഡക്കിന് പുറത്തായതിന്‍റെ ക്ഷീണം രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച് മാറ്റിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഹരാരെ സ്പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയം വേദിയായ മത്സരത്തില്‍ 47 പന്തില്‍ 100 റണ്‍സായിരുന്നു അഭിഷേക് നേടിയെടുത്തത്. എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു മത്സരത്തില്‍ 23കാരന്‍റെ ഇന്നിങ്‌സ്.
പരമ്പരയിലെ ആദ്യ മത്സരത്തിലൂടെയായിരുന്നു താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ഈ മത്സരത്തില്‍ നാല് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാൻ അഭിഷേക് ശര്‍മയ്‌ക്കായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന രണ്ടാം ടി20യില്‍ താരം കത്തിക്കയറിയത്.
മത്സരത്തിന് ശേഷം ബാറ്റിങ് വെടിക്കെട്ടിന് പിന്നിലെ രഹസ്യം അഭിഷേക് ശര്‍മ വെളിപ്പെടുത്തി. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20യില്‍ നായകൻ ശുഭ്‌മാൻ ഗില്ലിന്‍റെ ബാറ്റാണ് താൻ ഉപയോഗിച്ചത് എന്നായിരുന്നു അഭിഷേക് പറഞ്ഞത്. ഇതാദ്യമായല്ല താൻ ഗില്ലിന്‍റെ ബാറ്റ് ഉപയോഗിക്കുന്നതെന്നും താരം മത്സരശേഷം വ്യക്തമാക്കിയിരുന്നു. അഭിഷേക് ശര്‍മയുടെ വാക്കുകള്‍ ഇങ്ങനെ...
'ഇന്ന് ശുഭ്‌മാൻ ഗില്ലിന്‍റെ ബാറ്റ് ഉപയോഗിച്ചാണ് ഞാൻ കളിച്ചത്. ഇതിന് മുന്‍പും ഞാൻ ഇതേ കാര്യം ചെയ്‌തിട്ടുണ്ട്. എപ്പോഴൊക്കെ എനിക്ക് റണ്‍സ് വേണമോ അപ്പോഴെല്ലാം ഞാൻ അവന്‍റെ ബാറ്റ് ചോദിക്കാറുണ്ട്'- അഭിഷേക് ശര്‍മ പറഞ്ഞു.