മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ വ്യാജ ഉദ്ധരണി നല്‍കിയതില്‍ പൊട്ടിത്തെറിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ടി20 ലോകകപ്പ് ടീമിൽ നിന്ന് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയെ ഒഴിവാക്കണമായിരുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലാണ് മുന്‍ താരം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
ഐപിഎല്ലിലെ പവർപ്ലേയിൽ പോലും രോഹിത് പരാജയപ്പെടുകയാണ്. അതിനാല്‍ ടി20 ലോകകപ്പില്‍ നിന്നും രോഹിത്തിനെ പുറത്തിരുത്തണമായിരുന്നുവെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടതായി ആയിരുന്നു പ്രസ്‌തുത പോസ്റ്ററില്‍ പറഞ്ഞിരുന്നത്. കൂടുതല്‍ കാഴ്‌ചക്കാരെയും എന്‍ഗേജ്‌മെന്‍റും ലക്ഷ്യം വയ്‌ക്കുന്ന ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ധാർമ്മികതയ്‌ക്ക് യാതൊരു വിലയും നല്‍കുന്നില്ലെന്നാണ് ആകാശ് ചോപ്ര തുറന്നടിച്ചിരിക്കുന്നത്.
വിദ്വേഷവും വ്യാജവാർത്തകളും തുടങ്ങിയ എല്ലാത്തരം മാലിന്യങ്ങളും പ്രചരിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണ് ഐപിഎല്‍. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഏറ്റെടുക്കാന്‍ ഫാന്‍ ആര്‍മികള്‍ ഉണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. അതേസമയം ജൂണില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനായി രോഹിത്തിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ അടുത്തിടെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണും ടീമിന്‍റെ ഭാഗമാണ്. സഞ്‌ജുവിനെ കൂടാതെ റിഷഭ് പന്തും വിക്കറ്റ് കീപ്പറായി സ്‌ക്വാഡിലെത്തി.