സച്ചിന് ടെണ്ടുല്‍ക്കര്‍, ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഈ പേരിന് മുഖവുരയുടെ ആവശ്യമേയില്ല. 24 വര്‍ഷക്കാലം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ റണ്‍വേട്ട നടത്തിക്കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ ദൈവമായി മാറിയ താരമാണ് സച്ചിന്‍. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പ്രതീക്ഷകളുടെ ഭാരത്തിന്‍റെ ഏറിയ പങ്കും ഈ മനുഷ്യന്‍റെ ചുമലിലായിരുന്നു.
ഇന്ത്യയ്‌ക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് കിരീടം നേടി നല്‍കുന്നതില്‍ ഉള്‍പ്പടെ പ്രധാനിയായി താരം പ്രതീക്ഷകാക്കുകയും ചെയ്‌തു. പിന്നീട് 2013-ല്‍ പാഡഴിച്ച താരത്തിന് ബുധനാഴ്‌ച 51 വയസ് പൂര്‍ത്തിയാവുകയാണ്. ഈ വേളയില്‍ താരത്തെക്കുറിച്ച് ഏറെപ്പേര്‍ക്കും അറിയാത്ത 7 കാര്യങ്ങൾ....
1) തബല, ഗിറ്റാര്‍, പാട്ട് ; തികഞ്ഞൊരു സംഗീത പ്രേമി
കളിക്കളത്തില്‍ ക്രിക്കറ്റ് ഷോട്ടുകളാല്‍ ആരാധകരുടെ കയ്യടി നേടിയ സച്ചിന് കലാരംഗത്തും പ്രാഗത്ഭ്യമുണ്ട്. സച്ചിന്‍ പാടുന്നതും ഗിറ്റാർ വായിക്കുന്നതും പലപ്പോഴും ആരാധകര്‍ കണ്ടിട്ടുണ്ട്. തബല വാദനത്തിലും സച്ചിന്‍ മികവ് തെളിയിച്ചിട്ടുണ്ട്.
2) 1987-ലെ ലോകകപ്പില്‍ ബോള്‍ ബോയ്
ഇന്ത്യ ആതിഥേയരായ 1987-ലെ ലോകകപ്പില്‍ ബോള്‍ ബോയ് ആയിരുന്നു സച്ചിന്‍. വാങ്കഡെ വേദിയായ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരത്തിലായിരുന്നു അന്ന് കഷ്‌ടിച്ച് 14 വയസുള്ള സച്ചിന്‍ ബോള്‍ ബോയ് ആയത്. പിന്നീട് ഇതേവേദിയെ തന്‍റെ ബാറ്റിങ് മികവിനാല്‍ ഏറെ തവണ പ്രകമ്പനം കൊള്ളിക്കാന്‍ സച്ചിനായി.
3) ഫോർമുല വൺ ഭ്രാന്തന്‍
ക്രിക്കറ്റിന് പുറമെ ഫോർമുല വൺ റേസിങ്ങിന്‍റെ കടുത്ത ആരാധകനാണ് സച്ചിന്‍. നിരവധി ഗ്രാൻഡ് പ്രിക്‌സ് റേസുകളില്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കൂടാതെ പല മികച്ച റേസർമാരുമായി താരം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.