ന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ) പ്രസിഡന്‍റുമായ മുഹമ്മദ് അസ്ഹറുദ്ദീൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ ഹാജരായി.എച്ച്‌സിഎയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി അടുത്തിടെ താരത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അസ്ഹറുദ്ദീന്‍ നിഷേധിച്ചു.
ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ജനറേറ്ററുകളും ഫയർ എഞ്ചിനുകളും മറ്റ് ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട് 20 കോടിയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. തുടര്‍ന്നാണ് ഇഡി താരത്തിന് നോട്ടീസ് അയച്ച് അന്വേഷണത്തിന് ഹാജരാകാൻ ഉത്തരവിട്ടത്. അസ്ഹറുദ്ദീൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായി 4 വർഷം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഫണ്ട് ദുരുപയോഗം ചെയ്‌തതായി ആരോപണം ഉയർന്നിരുന്നു.
വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഹൈദരാബാദ് പോലീസ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നാല് ക്രിമിനൽ കേസുകൾ വിഷയത്തില്‍ രജിസ്റ്റർ ചെയ്‌തിരുന്നു.