ആർത്തവം ചില സ്ത്രീകളെ സംബന്ധിച്ച് പേടി സ്വപനമാണ്. മാനസികമായും ശാരീരികമായും പല ബുദ്ധിമുട്ടുകളും നേരിടുന്ന ഒരു സമയമാണിത്. ആർത്തവ സമയത്ത് മിക്ക സ്ത്രീകളും നേരിടുന്ന ഒരു വെല്ലുവിളിയാണ് രക്തം ലീക്കാകുന്നത്. വസ്‌ത്രങ്ങളിലും ബെഡ്ഷീറ്റുകളിലുമൊക്കെ ആകുന്ന രക്തം നീക്കം ചെയ്യാൻ പാടുപെടുന്നവരാണ് പലരും. എന്നാൽ ആർത്തവ രക്തം മൂലമുണ്ടാകുന്ന കറ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പരിഹാര മാർഗങ്ങൾ ഇതാ.
വേഗത്തിൽ കഴുകുക
ആർത്തവ സമയത്ത് വസ്‌ത്രങ്ങളിലോ മറ്റോ രക്തമായാൽ ഉടൻ തന്നെ കഴുകി കളയുക. രക്തം ഉണങ്ങി കഴിഞ്ഞാൽ അതിന്‍റെ കറ നീക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ പെട്ടന്ന് തന്നെ കഴുകി കളയുകയാണെങ്കിൽ കറ പറ്റിപിടിക്കുന്നത് തടയാൻ സധിക്കും.
തണുത്ത വെള്ളത്തിൽ കഴുകുക
രക്തം പുരണ്ട ഭാഗം എത്രയും വേഗം തണുത്ത വെള്ളത്തിൽ കഴുകുക. തുണിയിൽ രക്തം കറപിടിക്കുന്നത് തടയാൻ തണുത്ത വെള്ളം സഹായിക്കും. ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചും രക്തകറ നീക്കം ചെയ്യാം. അതേസമയം ഇതിനായി ചൂടുവെള്ളം ഉപയോഗിക്കരുത്.
ഹൈഡ്രജൻ പെറോക്സൈഡ്
കറയുള്ള ഭാഗത്ത് ഹൈഡ്രജൻ പെറോക്സൈഡ് ഒഴിക്കുക. രണ്ട് മിനിട്ടിന് ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി കളയുക. അധികം കട്ടിയില്ലാത്ത തുണികളിലെ രക്തക്കറ നീക്കം ചെയ്യാൻ ഹൈഡ്രജൻ പെറോക്സൈഡ് ബെസ്റ്റാണ്.
ബേക്കിംഗ് സോഡ
മൂന്ന് സ്‌പൂൺ ബേക്കിംഗ് സോഡയിലേക്ക് ഒരു സ്‌പൂൺ തണുത്ത വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുണിയിൽ കറയുള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടി ഒരു ബ്രഷ് ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
ഉപ്പും വെള്ളവും
ഒരു ബക്കറ്റിൽ അൽപം വെള്ളമെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്‌പൂൺ ഉപ്പ് ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് രക്തക്കറയായ തുണി മുക്കിവയ്ക്കുക. 2 മണിക്കൂറിന് ശേഷം ഇത് ഉരച്ചു കഴുകുക.
എൻസൈം ക്ലീനർ
എൻസൈം അടങ്ങിയിട്ടുള്ള സ്റ്റെയിൻ റിമൂവറുകൾ രക്തകറ നീക്കാൻ സഹായിക്കും.
ആസ്‌പിരിൻ
ആസ്‌പിരിനിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കറ നീക്കം ചെയ്യാൻ സഹായിക്കും. അതിനായി ആസ്‌പിരിൻ ചതച്ച് വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയായ ഭഗത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
നാരങ്ങ നീര്
ഒരു പ്രകൃതിദത്ത സ്റ്റെയിൻ റിമൂവറാണ് നാരങ്ങ നീര്. കറയായ ഭാഗത്ത് നാരങ്ങ നീര് പുരട്ടി 20 മിനിറ്റിന് ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുക.