സ്‌ത്രീകളുടെ ജീവിതത്തില്‍ ശാരീരിക പ്രയാസങ്ങള്‍ ഏറിയ ദിവസങ്ങളാണ് ആര്‍ത്തവ ദിനങ്ങള്‍. മാസം തോറും മൂന്ന് മുതല്‍ ഏഴ് ദിവസം വരെയാണ് സാധാരാണയായി ആര്‍ത്തവ ദിനങ്ങളുണ്ടാകുക. ഗര്‍ഭപാത്രത്തിന്‍റെ അകത്തെ പാളിയായ എന്‍ററോമെട്രിയം അടര്‍ന്ന് രക്തത്തോടൊപ്പം ശരീരത്തില്‍ നിന്നും പുറന്തള്ളുന്ന പ്രക്രിയയാണ് ആര്‍ത്തവം അഥവ മാസമുറ. ഓരോ 28 ദിവസം കൂടുമ്പോഴാണ് ശരീരത്തില്‍ ഈ പ്രക്രിയ സംഭവിക്കുന്നത്.
ഈ ദിനങ്ങളില്‍ സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ വൃത്തിയോടെയിരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതില്ലെങ്കില്‍ മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകും. പഴയ കാലത്ത് ഭൂരിപക്ഷം സ്‌ത്രീകളും കോട്ടനാണ് ആര്‍ത്തവ സമയങ്ങളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് സാനിറ്ററി നാപ്‌കിനുകളും ടാപൂണുകളും ഉപയോഗിച്ച് തുടങ്ങി. ഇപ്പോഴും നിരവധി സ്‌ത്രീകള്‍ സാനിറ്ററി നാപ്‌കിനുകളും ടാപൂണുകളും തന്നെയാണ് ഉപയോഗിക്കുന്നത്.
ഇത് സ്‌ത്രീകളുടെ ശരീരത്തില്‍ ആര്‍ത്തവ സമയങ്ങളിലെ പ്രയാസങ്ങളെ അധികരിപ്പിക്കാറുണ്ട്. മാത്രമല്ല നീണ്ട ആറ് ദിവസങ്ങള്‍ തുടര്‍ച്ചയായി ഇത് ഉപയോഗിക്കുന്നത് ചൊറിച്ചില്‍, വിവിധ തരം അലര്‍ജി എന്നിവയ്‌ക്കും കാരണമാകും. തുടര്‍ച്ചയായി ഇത് ഉപയോഗിക്കുന്നത് ചിലരില്‍ അണുബാധയും ഉണ്ടാക്കാറുണ്ട്. അത്തരം പ്രയാസങ്ങള്‍ കുറയ്‌ക്കാന്‍ മെന്‍സ്‌ട്രല്‍ കപ്പിന്‍റെ ഉപയോഗം ഏറെ സഹായകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇത് ആര്‍ത്തവ സമയങ്ങളില്‍ സ്‌ത്രീകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതൊന്നുമല്ല. ആര്‍ത്തവ ദിനങ്ങള്‍ സാധാരണ ദിനങ്ങളെ പോലെയാക്കുന്നതില്‍ ഈ കപ്പ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനാകും. ഒരു കപ്പ് 10 മുതല്‍ 12 വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാനുമാകും. ഇത് സാമ്പത്തിക ചെലവ് കുറയ്‌ക്കും. മാത്രമല്ല ഇത് പരിസ്ഥിതി സൗഹൃദവുമാണ്.
ഇത്രയേറെ ഗുണങ്ങളുണ്ടായിട്ടും ഇന്നും വലിയൊരു വിഭാഗം സ്‌ത്രീകള്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാണിക്കുന്നു എന്നതാണ് വാസ്‌തവം. പലതരത്തിലുള്ള സംശയങ്ങളും ആശങ്കകളുമാണ് ഇവരെ ഇതിന്‍റെ ഉപയോഗത്തില്‍ നിന്നും അകറ്റുന്നത്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? ഇത് ശരീരത്തിന് അകത്തേക്ക് വയ്‌ക്കുമ്പോള്‍ വേദന അനുഭവപ്പെടുമോ? ഉപയോഗിക്കുമ്പോള്‍ ഇത് അകത്തേക്ക് കയറിപ്പോകുമോ? അവിവാഹിതര്‍ ഇത് ഉപയോഗിച്ചാല്‍ അതവരുടെ വെര്‍ജിനിറ്റിയോ ബാധിക്കുമോ? തുടങ്ങിയ സംശയങ്ങളാണ് പലരെയും മെന്‍സ്‌ട്രല്‍ കപ്പ് ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. മെന്‍സ്‌ട്രല്‍ കപ്പിന്‍റെ ഉപയോഗവും ഗുണങ്ങളും എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.
മെന്‍സ്‌ട്രല്‍ കപ്പ് എന്താണ്? ആര്‍ത്തവ സമയത്ത് ഉപയോഗിച്ചതിന് ശേഷം കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാനാകുന്ന ഒന്നാണ് മെന്‍സ്‌ട്രല്‍ കപ്പ്. റബ്ബറോ സിലിക്കണോ ഉപയോഗിച്ച് ഫണല്‍ രൂപത്തില്‍ നിര്‍മിക്കുന്ന ചെറിയ കപ്പാണിത്. പല വലിപ്പത്തിലും ഇത് ലഭ്യമാണ്. ആര്‍ത്തവ സമയത്ത് ഗര്‍ഭാശയ മുഖത്തിന് തൊട്ടുതാഴെയാണ് ഇത് വയ്‌ക്കേണ്ടത്.
മെന്‍സ്‌ട്രല്‍ കപ്പിന്‍റെ ഗുണങ്ങള്‍: സാധാരണ പാഡുകളോ ടാപൂണുകളോ ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ നേരം മെന്‍സ്‌ട്രല്‍ കപ്പ് ഉപയോഗിക്കാനാകും. കുറഞ്ഞത് 12 മണിക്കൂറെങ്കിലും തുടര്‍ച്ചയായി ഇത് ഉപയോഗിക്കാം. വെള്ളത്തില്‍ ഇറങ്ങുമ്പോഴോ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴോ മെന്‍സ്‌ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.
സാനിറ്ററി പാഡ് പോലെയുള്ള ലീക്കേജ് പ്രശ്‌നങ്ങളൊന്നും കപ്പിനുണ്ടാകില്ല. ഉപയോഗത്തിന് ശേഷം പാഡുകളും ടാപൂണുകളും നിര്‍മാര്‍ജനം ചെയ്യുന്നത് വലിയൊരു ടാസ്‌ക് തന്നെയാണ്. ഇവ നേരിട്ട് ടോയ്‌ലറ്റില്‍ നിക്ഷേപിക്കുന്നത് പൈപ്പുകളില്‍ ബ്ലോക്ക് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിര്‍മാര്‍ജനം പലപ്പോഴും വലിയ തലവേദന ഉണ്ടാക്കാറുണ്ട്. മെന്‍സ്‌ട്രല്‍ കപ്പാണെങ്കില്‍ അത് കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം.
നോ അണുബാധ: സാനിറ്ററി പാഡുകളും ടാപൂണുകളും ഉപയോഗിക്കുമ്പോള്‍ യോനിയിലെ പിഎച്ച് ലെവലില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും അത് അണുബാധയ്‌ക്ക് കാരണമാകുകയും ചെയ്യാറുണ്ട്. എന്നാല്‍ കപ്പിന്‍റെ ഉപയോഗം പിഎച്ച് ലെവലില്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കാറില്ല. അതുകൊണ്ട് മറ്റ് അനാരോഗ്യകരമായ പ്രയാസങ്ങളൊന്നും ഉണ്ടാകുകയുമില്ല. എന്നാല്‍ വൃത്തിയാക്കുന്നതില്‍ കുറവുണ്ടായാല്‍ കപ്പാണെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഉപയോഗിക്കേണ്ട രീതി: ആദ്യം മെന്‍സ്‌ട്രല്‍ കപ്പും കൈകളും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ശേഷം മെന്‍സ്‌ട്രല്‍ കപ്പ് ഫോള്‍ഡ് ചെയ്യുക (മടക്കുക). മടക്കുന്നത് നിങ്ങളുടെ കംഫര്‍ട്ടിന് അനുസരിച്ചായിരിക്കണം. ഇതിന് പ്രധാനമായും മൂന്ന് രീതികളാണുള്ളത്.
ഫോള്‍ഡിങ് രീതികള്‍ ഇങ്ങനെ:
സി ഫോള്‍ഡ്: മെൻസ്ട്രൽ കപ്പ് മടക്കാനുള്ള ഏറ്റവും എളുപ്പ മാർഗമാണിത്. കപ്പ് സി ആകൃതിയില്‍ മടക്കുന്ന രീതിയാണിത്.
സെവന്‍ ഫോള്‍ഡ്: മെൻസ്ട്രൽ കപ്പ് ഓവൽ ഷേപ്പില്‍ മടക്കുക. അപ്പോള്‍ ഇതിന് 7ന്‍റെ ഷേപ്പ് പോലെ തോന്നും.
പഞ്ച്-ഡൗൺ ഫോൾഡ്/ട്യൂലിപ്പ് ഫോൾഡ്: മെൻസ്ട്രൽ കപ്പിന്‍റെ മുകള്‍ ഭാഗം താഴേക്ക് അമര്‍ത്തുക. ത്രികോണാകൃതിയാക്കുന്ന രീതിയാണ് പഞ്ച് ഡൗണ്‍.
തുടക്കക്കാര്‍ക്ക് വ്യത്യസ്‌തമായ ഈ ഫോള്‍ഡിങ് രീതികളെ കുറിച്ച് അറിവില്ലായിരിക്കാം. അതുകൊണ്ട് ഏറ്റവും എളുപ്പത്തിലുള്ള ഫോള്‍ഡിങ് രീതി അവര്‍ക്ക് തെരഞ്ഞെടുക്കാം. ആദ്യ തവണ കപ്പ് ഇന്‍സര്‍ട്ട് ചെയ്യാന്‍ അല്‍പം പ്രയാസം നേരിട്ടേക്കാം. അതിന് കാരണം മുന്‍ പരിചയമില്ലായ്‌മയും ആദ്യമാണെന്നുള്ള ആശങ്കയുമാകാം. എന്നാല്‍ പിന്നീട് ഇന്‍സര്‍ട്ടിങ് വളരെ എളുപ്പമായിരിക്കും.
ഫോള്‍ട്ടിങ് കഴിഞ്ഞാല്‍ വളരെ സാവധാനത്തില്‍ വേണം ഇത് യോനിയിലേക്ക് ഇന്‍സര്‍ട്ട് ചെയ്യാന്‍. അതിന് നിങ്ങള്‍ക്ക് കഴിയുന്ന പോസിഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഫോള്‍ഡ് ചെയ്‌ത് കൊണ്ട് വേണം ഇത് ഇന്‍സര്‍ട്ട് ചെയ്യാന്‍. അകത്തേക്ക് വയ്‌ച്ചതിന് ശേഷം കപ്പിന്‍റെ താഴ്‌ഭാഗത്തുള്ള തണ്ട് പോലുള്ള ഭാഗത്ത് പിടിച്ച് പതിയെ അകത്തേക്ക് തള്ളി കൊടുക്കണം.
തണ്ട് പൂര്‍ണമായും അകത്തേക്ക് പ്രവേശിപ്പിക്കണം. തണ്ട് പുറത്തേക്ക് തള്ളി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതേസമയം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ ആഴത്തില്‍ വയ്‌ക്കേണ്ടതില്ലെന്നുള്ള കാര്യവും ശ്രദ്ധിക്കുക. ഏറ്റവും അവസാനമായി കപ്പിന്‍റെ മടക്കിയ ഭാഗം മുഴുവനായും തുറന്നിട്ടുണ്ടോയെന്നത് കൂടി ഉറപ്പാക്കണം.
കപ്പ് തെരഞ്ഞെടുക്കേണ്ടത് ഇങ്ങനെ: വിവിധ ബ്രാന്‍ഡുകളില്‍ മെഡിക്കല്‍ സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും മെന്‍സ്‌ട്രല്‍ കപ്പ് ലഭ്യമാകും. ഗുണമേന്മയുള്ള ഏത് കപ്പും നിങ്ങള്‍ക്ക് വാങ്ങാം. എന്നാല്‍ ഏത് സൈസ് ആണ് വാങ്ങേണ്ടതെന്ന ധാരണ ഉണ്ടായിരിക്കണം. സാധാരണയായി മൂന്ന് വലിപ്പത്തിലുള്ള കപ്പുകളാണുള്ളത്. സ്‌മാള്‍, ലാര്‍ജ്, മീഡിയം എന്നിങ്ങനെയാണ് സൈസ്.
പ്രായം, ആര്‍ത്തവ രക്തത്തിന്‍റെ അളവ്, ഗര്‍ഭാശയ ഭിത്തിയുടെ സൈസ് എന്നിവ അനുസരിച്ചാണ് കപ്പുകള്‍ വാങ്ങേണ്ടത്. 30 വയസിന് താഴെയുള്ള പ്രസവിക്കാത്ത സ്‌ത്രീകള്‍ക്ക് സ്‌മാള്‍ സൈസ് കപ്പുകളായിരിക്കും ഉത്തമം. 30 വയസിന് മുകളിലുള്ള പ്രസവിച്ചിട്ടില്ലാത്തവര്‍ക്ക് മീഡിയവും പ്രസവം കഴിഞ്ഞവര്‍ക്ക് ആര്‍ത്തവ രക്തത്തിന്‍റെ ഫ്ലോ അനുസരിച്ച് ലാര്‍ജും മീഡിയവും തെരഞ്ഞെടുക്കാം.
ഉപയോഗവും ശുചിയാക്കലും: ഒരു മെന്‍സ്‌ട്രല്‍ കപ്പ് 12 വര്‍ഷം വരെ ഉപയോഗിക്കാനാകും. ഓരോ ഉപയോഗത്തിന് ശേഷവും കപ്പ് വൃത്തിയായി കഴുകി അണുവിമുക്തമാക്കി സൂക്ഷിക്കണം. ചൂട് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുന്നതാണ് ഉത്തമം.
മെന്‍സ്‌ട്രല്‍ കപ്പ് ക്ലീനറും ഇതിനായി ഉപയോഗിക്കാം. കപ്പ് തൊടുന്നതിന് മുമ്പായി കൈ സോപ്പ് കൊണ്ട് കൈ വൃത്തിയായി കഴുകണം. കഴുകി വൃത്തിയാക്കിയ കപ്പ് വൃത്തിയുള്ള തുണി കൊണ്ട് തുടയ്‌ക്കണം. ശേഷം സ്റ്റോറേജ് ബാഗില്‍ സൂക്ഷിക്കാം.
കപ്പ് പുറത്തെടുക്കേണ്ടത് എപ്പോള്‍: ആർത്തവ കപ്പുകൾ ഏകദേശം 6 മുതൽ 12 മണിക്കൂർ വരെ തുടര്‍ച്ചയായി ഉപയോഗിക്കാം. അധികം രക്തസ്രാവമുള്ളവരാണെങ്കില്‍ 12 മണിക്കൂറിന് മുമ്പ് തന്നെ പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം. കപ്പ് നിറഞ്ഞതായി നിങ്ങള്‍ തോന്നുകയാണെങ്കില്‍ ഏത് സമയത്തും പുറത്തെടുക്കാം. രാത്രിയില്‍ കപ്പ് ഉപയോഗിക്കുന്നതിനും പ്രയാസങ്ങളൊന്നുമില്ല.
പുറത്തെടുക്കുമ്പോള്‍ ശ്രദ്ധിക്കുക: കപ്പ് പുറത്തെടുക്കുന്നതിന് മുമ്പായി കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ടോയ്‌ലറ്റില്‍ ഇരുന്ന് കൊണ്ട് കപ്പ് പുറത്തെടുക്കുന്നതായിരിക്കും ഏറെ അനുയോജ്യം. എന്നാല്‍ അതെല്ലാം ഉപയോഗിക്കുന്നവരുടെ സൗകര്യത്തിന് അനുസരിച്ച് ചെയ്യാവുന്നതാണ്.
കപ്പിന്‍റെ വശം പതുക്കെ അമര്‍ത്തിയിട്ട് വേണം അത് പുറത്തെടുക്കാന്‍. എയര്‍ ടൈറ്റായിട്ടാണ് കപ്പുണ്ടായിരിക്കുക. അതുകൊണ്ടാണ് വശങ്ങള്‍ പതുക്കെ അമര്‍ത്തി വേണം അത് പുറത്തെടുക്കാനെന്ന് പറയുന്നത്. പുറത്തെടുത്ത കപ്പ് ടോയ്‌ലറ്റില്‍ വച്ച് തന്നെ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
Also Read: പൈൽസ് തടയാം; ദിനചര്യയിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ ഇതാ