എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങി കഴിഞ്ഞു. പരമാധികാര റിപ്പബ്ലിക്കായി രാജ്യം മാറിയതിന്‍റെ ഓർമയായിട്ടാണ് എല്ലാവർഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. കർത്തവ്യ പഥത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ ഇത്തവണ ഇൻഡോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്‍റോയാണ് മുഖ്യാതിഥിയായി എത്തുന്നത്. 1950 ൽ ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചത് മുതൽ എല്ലാവർഷവും ഒരു വിദേശ നേതാവിനെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന നിലയിൽ രാജ്യത്തെത്തിയ മുഖ്യാതിഥികൾ ആരൊക്കെയെന്നൊന്ന് നോക്കാം.

- 2015-ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയത് അന്നത്തെ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമയായിരുന്നു.

- ഫ്രഞ്ച് പ്രസിഡൻ്റായിരുന്ന ഫ്രാങ്കോയിസ് ഹോളണ്ടായിരുന്നു 2016 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയത്.

- 2017ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം മുഖ്യാതിഥിയായി ക്ഷണിച്ചത് യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ ആയിരുന്നു.

- 2018-ൽ ആസിയാൻ നേതാക്കളായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കാൻ രാജ്യത്ത് എത്തിയത്.

- 2019 ൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമഫോസയെയാണ് രാജ്യം മുഖ്യതിഥിയായി ക്ഷണിച്ചത്.

- മുൻ ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയാണ് 2020ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത മുഖ്യാതിഥി.

- 2023 ൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയത് ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്‌ദുൽ ഫത്താഹ് അൽ സിസി ആയിരുന്നു.

- രാജ്യത്തെ 75 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആണ് പങ്കെടുത്തത്.
ലോകത്ത് കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് 2021, 2022 വർഷങ്ങളിൽ റിപ്പബ്ലിക് ദിന ആഘോഷത്തിൽ മുഖ്യതിഥിയായി പങ്കെടുക്കാനായി വിദേശ നേതാക്കളെ ആരെയും രാജ്യം ക്ഷണിച്ചിരുന്നില്ല.
Also Read : റിപ്പബ്ലിക് ദിന പരേഡ് സാക്ഷ്യം വഹിക്കാൻ വിശിഷ്‌ടാതിഥികളായി 22 മലയാളികള്‍