ആന്റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാപ്പിപ്പൊടി. കാപ്പിയുണ്ടാക്കാൻ മാത്രമല്ല വിവിധ ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും കാപ്പിപ്പൊടി ഉപകരിക്കും. ചർമ്മത്തിൽ ജലാംശം നിലനിർത്താനും, കരുവാളിപ്പ്, നിറവ്യത്യാസം, നിറം മങ്ങൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉത്തമമാണിത്. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്‌ത് ചർമ്മത്തെ മൃദുലവും തിളക്കമുള്ളതായി നിലനിർത്താനും കാപ്പിപ്പൊടി സഹായിക്കും.
കാപ്പിപ്പൊടിയിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ പ്രകോപനം ഒഴിവാക്കാനും ചുവപ്പ് നിറം, വീക്കം എന്നിവ കുറയ്ക്കാനും ഗുണം ചെയ്യും. കഫീനിന്‍റെ മികച്ച ഉറവിടമാണ് കാപ്പിപ്പൊടി. ഇത് രക്തയോട്ടം ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. കണ്ണുകൾക്ക് താഴെയുള്ള വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും.
ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായ കാപ്പിപ്പൊടി ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ആരോഗ്യകരവും തിളക്കവുമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാത്രമല്ല ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാനും ഇത് മികച്ചതാണ്. ചർമ്മത്തിൻ്റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും കാപ്പിപൊടിയുടെ ഉപയോഗം ഗുണം ചെയ്യും. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇതിലെ ആൻ്റി ഓക്‌സിഡൻ്റുകൾ സഹായിക്കും.
കാപ്പിപ്പൊടി ഒരു ആൻ്റി മൈക്രോബയൽ ഏജൻ്റായി പ്രവർത്തിക്കുന്നതിനാൽ മുഖക്കുരുവും ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ബാക്‌ടീരിയകളുടെ വളർച്ചയും കുറയ്ക്കും. കാപ്പിയിലെ ക്ലോറോജെനിക് ആസിഡുകൾ പോലുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നതിലൂടെ ചർമ്മത്തിൻ്റെ അകാല വർധക്യം തടഞ്ഞ് യുവത്വം നിലനിർത്താൻ ഗുണം ചെയ്യും. ചർമ്മത്തിലെ സ്വാഭാവിക എണ്ണ ഉത്പാദനത്തെ സന്തുലിതമായി നിർത്താനും കാപ്പിപ്പൊടി മുഖത്ത് പ്രയോഗിക്കുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാനും മുഖക്കുരു സാധ്യത ഇല്ലാതാക്കാനും സഹായിക്കും.
ചർമ്മസംരക്ഷണത്തിന് കോഫി പൗഡർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം:
കാപ്പിപ്പൊടിയും വെളിച്ചെണ്ണയും
രണ്ട് ടേബിൾ സ്‌പൂൺ കാപ്പിപ്പൊടിയിലേക്ക് ഒന്നര ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി സ്ക്രബ്ബ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
കാപ്പിപ്പൊടിയും തേനും
ഒരു ടേബിൾ സ്‌പൂൺ കാപ്പിപ്പൊടിയിലേക്ക് ഓരോ ടീസ്‌പൂൺ വീതം തൈരും തേനും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി പതുക്കെ മസാജ് ചെയ്യുക. 15 മിനിട്ടിന് ശേഷം കഴുകുക.
കാപ്പിപ്പൊടിയും മഞ്ഞളും
ഒരു ടീസ്‌പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു ടീസ്‌പൂൺ തൈരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
കാപ്പിപ്പൊടിയും അരിപ്പൊടിയും
ഓരോ സ്‌പൂൺ വീതം കാപ്പിപ്പൊടിയും അരിപ്പൊടിയും രണ്ട് സ്‌പൂൺ തൈരും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ കൈകൾ നനച്ച് പതുക്കെ മസാജ് ചെയ്യുക. ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ചുവന്ന് തുടുത്ത ചർമ്മം സ്വന്തമാക്കാം; ഒരു കിടിലൻ ഐറ്റം ഇതാമുഖകാന്തി കൂട്ടാൻ