മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് ആരോഗ്യപരമായ തെരഞ്ഞെടുപ്പാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. റിഫൈൻഡ് ഷുഗറിന്‍റെ ഉപയോഗം ശരീരഭാരം കൂട്ടാനും പ്രമേഹ സാധ്യത വർധിപ്പിക്കാനും തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ ശർക്കരയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ ശർക്കരയിലുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, ഫോളേറ്റ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമാണ് ശർക്കര. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും മൊത്തത്തിലുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുമെന്ന ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. പഞ്ചസാരയെ അപേക്ഷിച്ച് ശർക്കരയിൽ ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും. എന്നാൽ പ്രമേഹ രോഗികൾ ശർക്കരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലതാണ്.
ഭക്ഷണത്തിന് ശേഷം ചെറിയ കഷ്‌ണം ശർക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശർക്കരയുടെ ഉപയോഗം ഗുണം ചെയ്യും. പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കൾ ശർക്കരയിലുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഗുണകരമാണ്. ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്.
കരളിന്‍റെയും, എല്ലുകളുടെയും ആരോഗ്യത്തെ പിന്തുണയ്ക്കാനുള്ള കഴിവും ശർക്കരയ്ക്കുണ്ട്. സന്ധി വേദന, സന്ധിവാതം എന്നീ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നൽകാൻ ശർക്കര സഹായിക്കും. ആർത്തവ വേദന ലഘൂകരിക്കാനും ശർക്കര കഴിക്കുന്നത് ഫലം ചെയ്യും. ശ്വസന ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും ശർക്കര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ് പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും.
സോഡിയം, പൊട്ടാസ്യം എന്നിവ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കാൻ ശർക്കര സഹായിക്കും. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ ഗുണം ചെയ്യും. മാത്രമല്ല ശർക്കരയിൽ പോഷകഗുണങ്ങൾ ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാനും ഉപകരിക്കും. ശർക്കരയിലെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുമെന്ന് ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഇത് ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : വഴുതനയുടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ അറിയാം