അഫ്‌ഗാനിസ്ഥാന്‍ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഡ്വെയ്ൻ ബ്രാവോയുടെ ടി20 ക്രിക്കറ്റിലെ വിക്കറ്റുകളുടെ എണ്ണം മറികടന്നു. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി റാഷിദ് മാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബൗളറായി റാഷിദ് ഖാൻ
ടി20 ക്രിക്കറ്റിലെ സ്റ്റാർ ബൗളർ ബ്രാവോ 2024 ലാണ് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 631 വിക്കറ്റുകളുമായി താരം ടി20 കരിയർ അവസാനിപ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എം ഐ കേപ്‌ടൗണിനായി കളിക്കുന്ന 26കാരനായ റാഷിദ് പാൾ റോയൽസിനായി കളിക്കുന്ന ശ്രീലങ്കയുടെ ഡുനിത് വെല്ലേജിന്‍റെ വിക്കറ്റ് വീഴ്ത്തിയാണ് ബ്രാവോയുടെ കണക്കുകൾ മറികടന്നത്. മത്സരത്തിൽ റാഷിദ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ടാമത്തെ ഇര ഇന്ത്യയുടെ ദിനേശ് കാർത്തിക് ആയിരുന്നു. ഇതോടെ റാഷിദ് ഖാന്‍റെ ടി20 വിക്കറ്റുകൾ 633 ആയി.
Captain. Leader. 𝐑𝐄𝐂𝐎𝐑𝐃-𝐁𝐑𝐄𝐀𝐊𝐄𝐑 💙💥
— MI Cape Town (@MICapeTown) February 4, 2025
Greatness unfolds right before our eyes 🫡#MICapeTown #OneFamily pic.twitter.com/rqbei5pYbf
ടി20 ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാർ:
റാഷിദ് ഖാൻ (അഫ്‌ഗാനിസ്ഥാന്‍) - 633 വിക്കറ്റുകൾ
ഡ്വെയ്ൻ ബ്രാവോ (വെസ്റ്റ് ഇൻഡീസ്) - 631 വിക്കറ്റുകൾ
സുനിൽ നരൈൻ (വെസ്റ്റ് ഇൻഡീസ്) - 574 വിക്കറ്റുകൾ
ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക) - 531 വിക്കറ്റുകൾ
ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്) - 492 വിക്കറ്റുകൾ
'ഇതൊരു വലിയ നേട്ടമാണ്.' പത്ത് വർഷം മുമ്പ് നിങ്ങൾ എന്നോട് അവിടെ എത്തുമോ എന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ലായെന്ന് വിജയത്തിനുശേഷം റാഷിദ് പറഞ്ഞു. അഫ്‌ഗാന്‍ താരം പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത് അഭിമാനകരമായ ഒരു അനുഭവമാണ്. ഡിജെ (ബ്രാവോ) ഏറ്റവും മികച്ച ടി20 ബൗളർമാരിൽ ഒരാളാണ്. ഇതൊരു വലിയ ബഹുമതിയാണെന്നും റാഷിദ് വ്യക്തമാക്കി.
നിലവില്‍ ലോകത്തിലെ മിക്ക പ്രധാന ഫ്രാഞ്ചൈസി ലീഗുകളിലും റാഷിദ് ഖാൻ കളിക്കുന്നുണ്ട്. 500 ടി20 മത്സരങ്ങൾ പൂർത്തിയാക്കിയ താരം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) കിരീടം നേടിയ ടീമുകളുടെ ഭാഗമായിട്ടുണ്ട്.
2017 മുതൽ 2024 വരെ തുടർച്ചയായി എട്ട് കലണ്ടർ വർഷങ്ങളിൽ ടി20യിൽ 50 ൽ അധികം വിക്കറ്റുകൾ നേടിയ റെക്കോർഡും അഫ്ഗാൻ സ്പിന്നർ സ്വന്തമാക്കി. ടി20യിൽ റാഷിദ് നാല് ഹാട്രിക് നേടിയിട്ടുണ്ട്. സിപിഎൽ, ബിബിഎൽ, ഐപിഎൽ എന്നിവയിൽ ഓരോ ഹാട്രിക് വീതവും ടി 20 യിൽ അഫ്ഗാനിസ്ഥാനു വേണ്ടി കളിക്കുമ്പോൾ ഒരു ഹാട്രിക് വീതവും താരം നേടിയിട്ടുണ്ട്.