നിരവധി പേരെ അലട്ടുന്ന ഒരു പ്രശനമാണ് താരൻ. തലയോട്ടിയിലെ താരൻ പൊളിഞ്ഞിളകി കഴുത്തിലും മുഖത്തും വസ്ത്രങ്ങളിലേക്കുമൊക്കെ വീഴുമ്പോഴായിരിക്കും പലരും ഇതിന് പരിഹാരം തേടുന്നത്. ഇത്തരം സന്ദർഭങ്ങളിൽ താരനെ ചെറുക്കാൻ ആന്‍റി ഡാൻഡ്രഫ് ഷാംപൂവിനെ ആശ്രയിക്കുന്നവരാണ് മിക്കവരും. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ എല്ലാവരിലും വേണ്ട വിധം പ്രവർത്തിക്കണമെന്നില്ല. മാത്രമല്ല രാസവസ്‌തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഇവയുടെ നിരന്തരമായുള്ള ഉപയോഗം കാലക്രമേണ മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ പാർശ്വഫലങ്ങൾ ഇല്ലാതിരിക്കാനും കൂടുതൽ ഫലം ലഭിക്കാനും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. അത്തരത്തിൽ താരൻ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് നാരങ്ങ. ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ, എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ നാരങ്ങ ഏതൊക്കെ രീതിയിൽ പ്രവർത്തിക്കുമെന്നും ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും നോക്കാം.
ആൻ്റി ഫംഗൽ ഗുണങ്ങൾ
നാരങ്ങയിൽ ആന്‍റി ഫംഗൽ ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് താരന് കാരണമാകുന്ന യീസ്റ്റ് പോലെയുള്ള ഫംഗസിനെ ചെറുക്കാൻ വളരെയധികം സഹായിക്കും.
മൃതകോശങ്ങൾ നീക്കം ചെയ്യും
ചെറുനാരങ്ങയുടെ നീര് ഒരു പ്രകൃതിദത്ത ക്ലെൻസറാണ്. താരൻ വർധിപ്പിക്കാൻ കാരണമാകുന്ന തലയോട്ടിയിലെ മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്യാൻ ഇത് സഹായിക്കും. മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പിഎച്ച് ബാലൻസിങ്
നാരങ്ങയിൽ അടങ്ങിയിട്ടുള്ള സ്വാഭാവിക അസിഡിറ്റി തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കും. ഇത് തലയോട്ടിയിലെ വരൾച്ച, പ്രകോപനം, താരൻ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും.
രക്തചംക്രമണം വർധിപ്പിക്കും
ചെറുനാരങ്ങ നീര് തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് രക്തചംക്രണം വർധിപ്പിക്കാൻ സഹായിക്കും. ഇത് രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ, ഓക്‌സിജൻ എന്നിവ എത്തിക്കുകയും മുടിയുടെ വളർച്ചയെയും തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും. മുടിയുടെ ഘടന മെച്ചപ്പെടുത്താനും വേരുകളെ ശക്തിപ്പെടുത്താനും നാരങ്ങയുടെ ഉപയോഗം ഗുണം ചെയ്യും.
ചൊറിച്ചിൽ കുറയ്ക്കും
താരൻ മൂലമുണ്ടാകുന്ന തലയോട്ടിയിലെ ചൊറിച്ചിൽ ഇല്ലാതാക്കാനും നാരങ്ങ സഹായിക്കും.
താരൻ അകറ്റാൻ നാരങ്ങ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം :
നാരങ്ങ നീര്
ഒരു ബൗളിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക. വിരലുകൾ ഉപയോഗിച്ച് ഇത് തലയോട്ടിയിൽ പുരട്ടുക. 30 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്‌ചയിൽ 3 തവണയെങ്കിലും ഇങ്ങനെ ചെയ്യാം.
നാരങ്ങയും വെളിച്ചെണ്ണയും
രണ്ട് ടീസ്‌പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. ഇത് നല്ലപോലെ മിക്‌സ് ചെയ്‌ത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. 30 മിനിട്ടിന് ശേഷമോ പിന്നേറ്റ് രാവിലെയോ കഴുകി കളയാം.
നാരങ്ങയും തൈരും
ഒരു കപ്പ് തൈരും ഒരു നാരങ്ങയുടെ നീരും ഇളക്കി യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 30 മിനിട്ട് മുതൽ ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക.
നാരങ്ങയും ടീ ട്രീ ഓയിലും
1 ടീസ്‌പൂൺ നാരങ്ങ നീരിലേക്ക് 5 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത് തലയോട്ടിയിൽ പുരട്ടുക. 30 മിനിട്ടിന് ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read : അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്ന ശീലങ്ങൾ