കോഴിക്കോട്: തനത് ഭക്ഷണ രുചിക്ക് പേരുകേട്ട കോഴിക്കോട്ട് ഇപ്പോള്‍ ട്രെന്‍ഡാവുന്നത് അത്ര നാടനല്ലാത്ത ഒരു വിഭവമാണ്. പാശ്ചാത്യ വിഭവമായ 'ബീഫ് ബ്രിസ്‌കറ്റ്' ആണ് ഇപ്പോള്‍ കോഴിക്കോട്ടെ താരം. 48 മണിക്കൂറോളം പ്രോസസ് ചെയ്‌ത് തയാറാക്കുന്ന ബീഫ് ബ്രിസ്‌കറ്റ് കഴിക്കാന്‍ 'ബുച്ചോ'യിലെത്തുന്നവര്‍ നിരവധി.
കോഴിക്കോട്ടെത്തിയ മറ്റ് ജില്ലക്കാരായ ഒരു കൂട്ടം യുവാക്കളാണ് 'ബുച്ചോ' എന്ന സംരംഭത്തിലൂടെ പുതിയ വിഭവം പരിചയപ്പെടുത്തിയത്. ട്രേഡിങ് കോഴ്‌സ് (stock market) പഠിക്കാനായി കോഴിക്കോട്ടെത്തിയ തിരുവനന്തപുരം സ്വദേശികളായ പി നിധിൻ, അലക്‌സ് ഗോമസ്, വിപിൻ ദേവ്, കോട്ടയം തലയോലപ്പറമ്പ് സ്വദേശി കെ ആസിഫ്, മഞ്ചേരി സ്വദേശി പ്രണവ് മുകുന്ദ് എന്നിവരാണ് ' ടീം ബുച്ചോ'യുടെ പിന്നിൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"യുകെയിലുള്ള സുഹൃത്ത് വഴിയാണ് ഇങ്ങനെയൊരു ബീഫ് വിഭവത്തെക്കുറിച്ച് മനസിലാക്കിയത്. ഒരു വർഷം മുമ്പാണ് ഇങ്ങനെ ഒരു ആശയം ഉദിച്ചത്. പല നാട്ടുകാരായ ഞങ്ങൾ താമസം ഒരുമിച്ചായിരുന്നു. പഠനത്തിനും മറ്റ് ചെലവിനും ഒരു മാർഗം എന്ന നിലയിലാണ് ആരംഭിച്ചത്," ടീമിലുള്ള നിധിൻ പറഞ്ഞു.
തിരുവണ്ണൂരിനടുത്ത് ഒടുമ്പ്ര റോഡിന് സമീപം വീട് വാടകയ്‌ക്കെടുത്താണ് സംരംഭം ആരംഭിക്കുന്നത്. ആദ്യ നാളുകളിൽ ദിവസം 250,- 500 ഗ്രാം മാത്രമാണ് വിറ്റുപോയത്. രുചിപ്പെരുമ നാടറിഞ്ഞതോടെ വിൽപ്പന അഞ്ച് കിലോയിൽ വരെയെത്തി. മുൻകൂട്ടി ബുക്കിങ് സ്വീകരിച്ചാണ് വിൽപ്പ. നിലവിൽ ആവശ്യക്കാർക്ക് കൊടുക്കാൻ തികയാത്ത അവസ്ഥയാണെന്ന് നിധിൻ പറയുന്നു.
ആവശ്യക്കാർ ഏറിയതോടെ ചെറുകിട സംരംഭമായി രജിസ്‌റ്റർ ചെയ്‌തു. മികച്ച സൗകര്യത്തോടെ ഡൈനിങ് കൂടെ ഉൾപ്പെടുത്തി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. നഗരത്തിലും ചേവായൂരിലും സ്വന്തം ഷോപ്പുകൾ ആരംഭിക്കാനാണ് പദ്ധതി.
ബീഫിന്‍റെ ചെസ്‌റ്റ് ഭാഗമാണ് ബ്രിസ്‌കറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ബുച്ചോ സ്‌പെഷ്യൽ മസാല പുരട്ടിയ ബീഫ് അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് 48 മണിക്കൂർ ഫ്രിഡ്‌ജിൽ വെച്ച ശേഷം 16 മണിക്കൂർ 250° ഫാരൻ ഹീറ്റിൽ സ്‌മോക്ക് ചെയ്‌തെടുക്കും. തുടർന്ന് 2 മണിക്കൂർ കൂൾ ബോക്‌സിൽ വെച്ച് തണുപ്പിക്കുന്നു. മസാല ബീഫിൽ നന്നായി പിടിച്ചുവരാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം 50 ഗ്രാം വരുന്ന കഷണങ്ങളാക്കി മുറിച്ചെടുക്കുന്നു.
പാശ്ചാത്യ വിഭവമായ 'ബീഫ് ബ്രിസ്‌കറ്റ്' ഇന്ത്യൻ ചേരുവകൾ കൂടി ചേർത്താണ് ഒരുക്കുന്നത്. സ്‌മോക്കർ മെഷീനാണ് ഇതിന്‍റെ പ്രധാന ഉപകരണം. ഇവർ സ്വന്തമായി രൂപകൽപന ചെയ്‌ത മെഷീന് പുറമേ രണ്ട് സ്‌മോക്കർ മെഷീൻ കൂടി നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്. 150 ഗ്രാമാണ് ഓരോ പാക്കിങ്ങിലും ഉണ്ടാവുക. ഇതോടൊപ്പം ഇവർ തന്നെ തയാറാക്കുന്ന സോസ്, സാലഡ്, ഒനിയൻ പിക്കിൾ, പൊട്ടറ്റോ വെഡ്‌ജസ് എന്നിവയും ഉണ്ടാകും. 680 രൂപയാണ് ഒരു സെറ്റിന്‍റെ വില.
പർച്ചേസിങ്ങും നിർമാണവും വിതരണവുമെല്ലാം ഇവർ ചേർന്നാണ്. പ്രത്യേക മസാല ചേർത്ത് ദിവസങ്ങളെടുത്ത് തയാറാക്കുന്ന ബീഫ് ബ്രിസ്‌കറ്റ് നമ്മുടെ തീൻമേശകളിൽ താമസിയാതെ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാക്കൾ.