ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവമാണ് കരൾ. ഉപാപചയ പ്രവർത്തനം, വിഷാംശങ്ങളെ നീക്കം ചെയ്യുക തുടങ്ങീ 500 ൽ അധികം പ്രവർത്തികളാണ് കരൾ ചെയ്യുന്നത്. ആരോഗ്യകരമായ ശരീരം നിലനിർത്താൻ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു കരൾ രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും കരൾ വീക്കവുമൊക്കെ ഫാറ്റി ലിവറിന് കാരണമാകും. എന്നാൽ കരളിന്‍റെ ആരോഗ്യം നിലനിർത്താനും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനും ചില പഴങ്ങൾ സഹായിക്കും. അത്തരത്തിൽ കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
സരസഫലങ്ങൾ
ശക്തമായ ആൻ്റി ഓക്‌സിഡൻ്റുകളുടെ ഒരു മികച്ച സ്രോതസാണ് സരസഫലങ്ങൾ. കരൾ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് ഫുഡ് & ഫംഗ്‌ഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും വിഷാംശം ഇല്ലാതാക്കാനും സരസഫലങ്ങൾ കഴിക്കുന്നത് നല്ലതാണ്. കരളിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനുള്ള കഴിവും ഇവയിലുണ്ട്. അതിനാൽ ബ്ലേബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
മുന്തിരി
മുന്തിയിലെ ആൻ്റി ഓക്‌സിഡൻ്റുകൾ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇതിലെ നരിൻജെനിൻ, നരിംഗിൻ എന്നീ സംയുക്തങ്ങൾ വീക്കം കുറയ്ക്കാനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ആപ്പിൾ
നാരുകളാൽ സമ്പുഷ്‌ടമായ ഒരു പഴമാണ് ആപ്പിൾ. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും കരളിലെ കൊഴുപ്പ് കുറയ്ക്കാനും ഗുണം ചെയ്യും. ആപ്പിളിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾ എന്ന ആൻ്റി ഓക്‌സിഡൻ്റുകൾ കരളിന്‍റെ വീക്കം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ഉപാപചയ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനും ആപ്പിൾ ഫലപ്രദമാണ്.
അവോക്കാഡോ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് അവക്കാഡോ. ഇവയെല്ലാം കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കരളിനെ വിഷവിമുക്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഗ്ലൂട്ടാത്തയോൺ എന്ന ആൻ്റി ഓക്‌സിഡൻ്റും അവൊക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഫാറ്റി ലിവർ രോഗികൾ പതിവായി അവോക്കാഡോ കഴിക്കുന്നത് നല്ലതാണ്.
പൈനാപ്പിൾ
പൈനാപ്പിളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ പ്രവർത്തനം തകരാറിലാകാൻ കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പൈനാപ്പിളിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കരൾ വീക്കം തടയുകയും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സിയുടെ കലവറയാണ് സിട്രസ് പഴങ്ങൾ. ഇത് കരളിന്‍റെ വിഷവിമുക്തമാക്കൽ പ്രക്രിയകളെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഓക്‌സിഡേറ്റീവ് സമ്മർദ്ദം, കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുക എന്നീ അവസ്ഥകൾ കുറയ്ക്കാനും സിട്രസ് പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഉൾപ്പെടെയുള്ള കരൾ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. പപ്പായ
പപ്പായയിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ലൈക്കോപീൻ തുടങ്ങിയ ശക്തമായ ആൻ്റി ഓക്‌സിഡൻ്റുകൾ ഫാറ്റി ലിവറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. ഓക്‌സിഡേറ്റീവ് കേടുപാടുകൾ, വീക്കം എന്നിവ കുറയ്ക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ട്. ഇത് കരൾ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാൻ ഗുണം ചെയ്യും.
മാതളനാരങ്ങ
മാതളനാരങ്ങയിലെ പോളിഫെനോൾ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും വീക്കം കുറയ്ക്കാനും വിഷാംശം ഇല്ലാതാക്കാനും ഇത് സഹായിക്കും. മാതളനാരങ്ങയിലെ ആൻ്റി ഓക്‌സിഡൻ്റുകൾ കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുകയും ചെയ്യും.
തണ്ണിമത്തൻ
തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലൈക്കോപീൻ പോലുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരൾ വീക്കവും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും കുറയ്ക്കും. ജലാംശം ധാരാളമുള്ളതിനാൽ വിഷവസ്‌തുക്കളെ പുറന്തള്ളാനും തണ്ണിമത്തൻ സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :