മോവ് (മധ്യപ്രദേശ്): രാജ്യത്തിന്‍റെ ഭരണഘടനയെ സംരക്ഷിക്കാൻ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ. അല്ലാത്തപക്ഷം, ദലിതരും പിന്നാക്കക്കാരും ആദിവാസികളും ദരിദ്രരും ദുരിതം അനുഭവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. "ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ" എന്ന റാലിയെ അഭിസംബോധന ചെയ്‌തായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. അംബേദ്ക്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മോവിലാണ് റാലി നടത്തിയത്.
ബിജെപി-ആർഎസ്എസ് പ്രവര്‍ത്തകള്‍ രാജ്യദ്രോഹികളാണെന്നും, മതത്തിന്‍റെ പേരിൽ ദരിദ്രരെ ചൂഷണം ചെയ്യുന്നത് കോൺഗ്രസ് ഒരിക്കലും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പണ്ട് ബ്രിട്ടീഷുകാരുടെ കൂടെ നിന്ന ആര്‍എസ്എസ്, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്‌തില്ലെന്നും അവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
'അമിത് ഷാ ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകില്ല'
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഹാ കുംഭ സന്ദർശനത്തെയും ഖാര്‍ഗെ രൂക്ഷമായി വിമർശിച്ചു. അമിത് ഷാ ഗംഗയിൽ മുങ്ങിയാൽ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകില്ല. എന്നിരുന്നാലും ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്യാമറയില്‍ പെടാനായി ഗംഗാ നദിയിൽ മുങ്ങിക്കുളിക്കാൻ ബിജെപി നേതാക്കൾ പരസ്‌പരം മത്സരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മസ്‌ജിദിലും ദർഗകളിലും സർവേകൾ നടത്താൻ ആവശ്യപ്പെട്ടുള്ള ഹർജികളുമായി ബന്ധപ്പെട്ടും ഖാര്‍ഗെ പ്രതികരിച്ചു. ഓരോ പള്ളിയുടെ കീഴിലും ശിവലിംഗം തിരയരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ബിജെപി-ആർഎസ്എസ് പ്രവര്‍ത്തകര്‍ വിദ്വേഷം പരത്തുന്നത് തുടരുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ആർഎസ്‌എസും ബിജെപിയും ദേശദ്രോഹികളാണ്. ദാരിദ്ര്യത്തിൽ നിന്നും തൊഴിലില്ലായ്‌മയിൽ നിന്നും മോചിതരാകണമെങ്കിൽ ഭരണഘടനയെ സംരക്ഷിക്കുകയും ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഭരണഘടനയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെ രാജ്യസഭയിൽ അംബേദ്‌കറിനെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശങ്ങൾ അംബേദ്‌കറിനോടുള്ള അദ്ദേഹത്തിന്‍റെ "യഥാർഥ വികാരമാണ്" പ്രകടമായതെന്നും ഖാര്‍ഗെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഖാര്‍ഗെ പരിഹസിച്ചു. 100 ജന്മങ്ങളിൽ അവർക്ക് സ്വർഗത്തിൽ പോകാൻ കഴിയാത്തത്ര പാപങ്ങൾ അവർ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ നടക്കുന്നത് ഭരണഘടനയില്‍ വിശ്വസിക്കുന്നവും അല്ലാത്തവരും തമ്മിലുള്ള പോരാട്ടം: രാഹുല്‍ ഗാന്ധി
ഇന്ത്യയിൽ പ്രത്യയശാസ്ത്രത്തിൻ്റെ പോരാട്ടമാണ് നടക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.“ഒരു വശത്ത് കോൺഗ്രസ് ആണ്, അത് ഭരണഘടനയിൽ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്യുന്നു.
മറുവശത്ത് ആർഎസ്എസ്-ബിജെപിയാണ്, അവർ ഭരണഘടനയെ ദുർബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. ഭരണഘടന വെറുമൊരു പുസ്‌തകമല്ലെന്നും ഇന്ത്യയെക്കുറിച്ചുള്ള ആയിരക്കണക്കിന് വർഷത്തെ ചിന്തകൾ ഉൾക്കൊള്ളുന്നുവെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.