പാലക്കാട്: നെന്മാറയിൽ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരൻ(58), അമ്മ ലക്ഷ്‌മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം രക്ഷപെട്ട പ്രതി ചെന്താമരക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് വിവരം.
ഇന്ന് (ജനുവരി 27) രാവിലെ 10 മണിക്കാണ് കൊലപാതകം നടന്നത്. സുധാകരന്‍റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു. 2019 ലാണ് പ്രതി സജിതയെ കൊലപ്പെടുത്തിയത്. ഒന്നര മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
തുടർന്ന് സുധാകരനെയും മീനാക്ഷിയെയും കൊല്ലുമെന്ന് ചെന്താമര നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങൾക്ക് വധഭീഷണിയുള്ളതായി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു സംരക്ഷണവും അവർക്ക് ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
പൊലീസിന്‍റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇൻക്വസ്‌റ്റ് നടപടികൾക്കായി എത്തിയ പൊലീസിനെ നാട്ടുകാർ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ ഏറെനേരം വാക്കേറ്റമുണ്ടായി. മരിച്ചവരുടെ മൃതദേഹം നടപടിക്രമങ്ങൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമര പണ്ട് മുതലേ സംശയരോഗിയെ പോലെയാണ് പെരുമാറിയിരുന്നതെന്ന് കെ ബാബു എംഎൽഎ പറഞ്ഞു. ഭാര്യയെ ഉൾപ്പെടെ സംശയത്തോടെയാണ് അയാൾ കണ്ടിരുന്നത്. അതിനാൽ തന്നെ ഇയാളുടെ ഭാര്യയും മകളും മറ്റൊരു ബന്ധു വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയാൾ സ്വയം ആസൂത്രണം ചെയ്‌ത കൊലപാതകമാണ് ഇതെന്നും കെ ബാബു പറഞ്ഞു. കൃത്യം നടത്തിയതിന് ശേഷം പ്രതി മലയിലേക്ക് ഓടി പോവുകയായിരുന്നു. പ്രതിയെ കണ്ടെത്താനാകുന്ന ദൂരത്ത് പൊലീസും നാട്ടുകാരും എത്തിയിട്ടുണ്ടെന്നും ഇയാള്‍ അധികം വൈകാതെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി സഹോദര ഭാര്യയും മകനും; മരിച്ചയാള്‍ മയക്കുമരുന്നിനടിമയെന്ന് സംശയം