മിക്കവരുടേയും പൂന്തോട്ടത്തിലെ പ്രധാനിയാണ് റോസാച്ചെടികള്‍. പൂത്തുലഞ്ഞ് നില്‍ക്കുന്ന റോസാച്ചടികളില്‍ കണ്ണുടക്കാത്തവര്‍ കുറവാണ്. വിപണിയില്‍ വലിയ ഡിമാന്‍ഡാണ് റോസാച്ചെടികള്‍ക്കുള്ളത്. പല നിറങ്ങളിലുള്ള വിവിധ ഇനങ്ങളിലുള്ള റോസാച്ചെടികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മനം മയക്കിയ റോസാച്ചെടികള്‍ തങ്ങളുടെ പുന്തോട്ടത്തിലേക്ക് ചേര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ ഇവയുടെ കമ്പുകൾ മുറിച്ചു നട്ടാൽ പലപ്പോഴും കിളിർത്ത് വരാറില്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. എന്നാല്‍ ഈ പരാതി മാറ്റാന്‍ ചെറിയ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. ഏതു റോസ് കമ്പിലും വേരുപിടിപ്പിക്കാന്‍ വിദഗ്‌ധര്‍ പറയുന്ന മാര്‍ഗമിതാ...
കമ്പിന്‍റെ തിരഞ്ഞെടുപ്പ്
കരുത്തുറ്റ ഒരു ചെടി വളര്‍ത്തിയെടുക്കുന്നതിനായി തിരഞ്ഞെടുക്കുന്ന റോസാ കമ്പിന് വലിയ പ്രധാന്യമുണ്ട്. ഏകദേശം ഒന്ന് മുതല്‍ രണ്ട് വരെ വര്‍ഷം പഴക്കമുള്ള ഒരു ചെടിയില്‍ നിന്നും കമ്പ് മുറിച്ചെടുക്കുന്നതാണ് നല്ലത്. നടുന്നതിനായി ഇളം തണ്ടുകള്‍ ഒരിക്കലും എടുക്കരുത്. നല്ല മൂത്ത ആരോഗ്യമുള്ള കമ്പുകളാണ് ഏറ്റവും അനുയോജ്യം.
പെര്‍ഫക്‌ടാവണം കട്ടിങ്
ആറ് മുതല്‍ എട്ട് വരെ (15-20 സെ.മീ) ഇഞ്ച് നീളത്തിലാണ് നടാനുള്ള കമ്പ് മുറിച്ചെടുക്കേണ്ടത്. ഇവ മുറിച്ച് നടാന്‍ പാകപ്പെടുത്തുന്നതിനായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കമ്പിന്‍റെ നടുന്ന ഭാഗം, ഇലയുണ്ടായിരുന്നതിന് തൊട്ടുതാഴെയായി ഒരു വശത്തേക്ക് ചരിച്ചാണ് മുറിക്കേണ്ടത്. വേരുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കാന്‍ ഇതുവഴി കഴിയും.
കമ്പിന്‍റെ താഴെ പകുതിയിൽ നിന്ന് ഇലകൾ പൂര്‍ണമായും പറിച്ചെടുക്കുക. മുകളിൽ കുറച്ച് ഇലകൾ മാത്രം അവശേഷിപ്പിക്കുക. ഇതു റോസാക്കമ്പ് ചീയുന്നത് തടയുന്നതിനൊപ്പം വേര് വേഗത്തില്‍ പിടിക്കുന്നതിനും സഹായിക്കും.
നടീല്‍ ശ്രദ്ധിക്കാം
മുറിച്ചെടുത്ത കമ്പ് നടുന്നതിനായി ചകിരിച്ചോറ്, മണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തിയ പോട്ടിങ് മിശ്രിതം ഉപയോഗിക്കാം. ഡ്രെയിനേജ് ദ്വാരങ്ങള്‍ ഉള്ള കണ്ടെയ്‌നറുകളാണ് കമ്പുകള്‍ നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. നടുന്നതിന് മുമ്പ് തണ്ടിന്‍റെ താഴെ അറ്റത്ത് റൂട്ടിങ് ഹോർമോൺ ഉപയോഗിക്കുന്നത് വേരുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കും.
കറ്റാര്‍വാഴ ജെല്‍, തേന്‍ തുടങ്ങിയവയും പുരട്ടാം. തണ്ട് നട്ട പോട്ടിങ് മിശ്രിത്തില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ ഇതൊരിക്കലും കുതിര്‍ന്ന് പോകരുത്. നട്ടുവച്ച കമ്പില്‍ അനക്കം ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. തുടര്‍ന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. വേരുകൾ വികസിക്കാൻ കുറഞ്ഞത് മൂന്ന് ആഴ്‌ചകൾ എടുത്തേക്കാം.
ALSO READ: ഞെട്ടേണ്ട...; വീട്ടില്‍ വിളയിക്കാം നല്ല 'കിടുക്കന്‍' സ്‌ട്രോബെറി!!! - HOW TO GROW STRAWBERRIES AT HOME