സ്‌ത്രീകളുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് മുഖത്തെ അമിത രോമ വളർച്ച. ഇത് സൗന്ദര്യത്തെ ബാധിക്കുന്നതിനാൽ പല വഴികളിലൂടെ രോമങ്ങൾ നീക്കം ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇവയൊന്നും ശാശ്വതമായ ഒരു പരിഹാരമല്ല. അതിനാൽ ഇത് നീക്കം ചെയ്യുക എന്നതിലുപരി രോമങ്ങളുടെ വളർച്ച തടയുകയാണ് വേണ്ടത്. അതിനായി പണ്ട് കാലം മുതൽക്കേ ഉപയോഗിച്ച് വരുന്ന ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
തേൻ & പഞ്ചസാര
ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്‌പൂൺ പഞ്ചസാര, ഒരു ടേബിൾ സ്‌പൂൺ തേൻ, ഒരു ടേബിൾ സ്‌പൂൺ വെള്ളം എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. 30 സെക്കന്‍റ് നേരം ഇത് ചൂടാക്കുക. പഞ്ചസാര നന്നായി അലിഞ്ഞ ശേഷം ഈ മിശ്രിതം മുഖത്ത് അമിതമായി രോമ വളർച്ചയുള്ള ഭാഗങ്ങളിൽ പുരട്ടുക. ഒരു കോട്ടൺ തുണി ഇതിന് മുകളിലായി വയ്ക്കുക. ശേഷം എതിർ ദിശയിലേക്ക് വലിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളും രോമങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.
പപ്പായ & മഞ്ഞൾ
ഒരു പാത്രത്തിലേക്ക് പച്ച പപ്പായ അരച്ചതും അൽപം മഞ്ഞൾ പൊടിയും ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം രോമ വളർച്ചയുള്ള ഇടങ്ങളിൽ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് രോമ വളർച്ച കുറയ്ക്കാൻ വളരെയധികം സഹായിക്കും.
പാൽ & മഞ്ഞൾ
ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ ഉണക്കി പൊടിച്ച പച്ചമഞ്ഞളും ഒരു ടേബിൾ സ്‌പൂൺ പാലും ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത് അമിത രോമ വളർച്ചയുള്ള ഭാഗങ്ങളിൽ പുരട്ടുക. 10 മുതൽ 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. രോമ വളർച്ച മന്ദഗതിയിലാക്കാൻ ഇങ്ങനെ ചെയ്യുന്നത് ഫലപ്രദമാണ്.
വെള്ളക്കടല & മഞ്ഞൾ പൊടി
രണ്ട് ടേബിൾ സ്‌പൂൺ പൊടിച്ച വെള്ള കടല, ഒരു ടേബിൾ സ്‌പൂൺ പാൽ, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം രോമ വളർച്ചയുള്ള ഭാഗങ്ങളിൽ പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക. ഇത് രോമ വളർച്ച കുറയ്ക്കാൻ ഗുണം ചെയ്യും.
ചെറുനാരങ്ങ & പഞ്ചസാര
ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ പഞ്ചസാര, ഒരു ടേബിൾ സ്‌പൂൺ വീതം ചെറുനാരങ്ങ നീര്, വെള്ളം എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ശേഷം തണുക്കാനായി വയ്ക്കുക. രോമ വളർച്ച ഉള്ളിടങ്ങളിൽ ഇത് പുരട്ടാം. ഒരു കോട്ടൺ തുണി ഇതിന് മുകളിൽ വയ്ക്കുക. ഉണങ്ങി വരുമ്പോൾ എതിർ ദിശയിലേക്ക് പറിച്ചെടുക്കാം. ഇത് മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ ഫലപ്രദമായ ഒരു പ്രകൃതിദത്ത മാർഗമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: വിവിധ ചർമ്മ പ്രശ്‌നങ്ങൾക്ക് ഒറ്റ പരിഹാരം; സൗന്ദര്യ സംരക്ഷണത്തിന് ഇതൊന്ന് പരീക്ഷിക്കൂ...