അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്ന ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. വിറ്റാമിന്‍ ഇ, പ്രോട്ടീൻ, ആന്‍റി ഓക്‌സിഡന്‍റുകൾ, ഫൈബർ, ഫോളേറ്റ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വീക്കം അണുബാധ എന്നിവയെ ചെറുക്കനും സൂര്യകാന്തി വിത്തുകൾ സഹായിക്കും. കൂടാതെ ഊർജ്ജം നിലനിർത്താനും ദഹനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് വളരെയധികം ഗുണം ചെയ്യും. സൂര്യകാന്തി വിത്തുകൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഹൃദയാരോഗ്യം
മേഗ-6 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്ന ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കൂടാതെ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്താനും ഗുണം ചെയ്യും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
പ്രമേഹം
സൂര്യകാന്തി വിത്തുകളിൽ പ്രോട്ടീൻ, ഫൈബർ എന്നിവ ഉയർന്ന അവളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഡയബറ്റിസ് കെയറിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹത്തിൻ്റെ അപകടസാധ്യത കുറയ്ക്കാനും സൂര്യകാന്തി വിത്തുകൾ ഫലപ്രദമാണ്.
എല്ലിന്‍റെ ആരോഗ്യം
മഗ്നീഷ്യം, ഫോസ്‌ഫറസ്, സിങ്ക് എന്നിവയുൾപ്പെടെയുള്ള ധാതുക്കളാൽ സമ്പുഷ്‌ടമാണ് സൂര്യകാന്തി വിത്തുകൾ. ഇത് എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്‌നങ്ങൾ തടയാനും സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
ചർമ്മം
സൂര്യകാന്തി വിത്തുകളിൽ ആൻ്റി ഓക്‌സിഡൻ്റായ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും ജലാംശം നിലനിർത്താനും ഇത് ഫലം ചെയ്യും. ചർമ്മത്തിലെ ഇലാസ്‌തികത വർധിപ്പിക്കാനും ചുളിവുകൾ കുറയ്ക്കാനും സൂര്യകാന്തി വിത്തുകൾ ഗുണം ചെയ്യും.
മാനസികാരോഗ്യം
അമിനോ ആസിഡ്, വിറ്റാമിൻ ബി എന്നിവയുടെ നല്ലൊരു ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. ഇവ ന്യൂറോ ട്രാൻസ്‌മിറ്ററായ സെറോടോണിൻ ഉത്പാദിപ്പിക്കുകയും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിഷാദം, ഉത്കണ്‌ഠ എന്നിവ കുറയ്ക്കാനും സൂര്യകാന്തി വിത്തുകൾ സഹായിക്കുമെന്ന് 2016 ൽ ന്യൂട്രീഷണൽ ന്യൂറോ സയൻസിൽ പ്രസിദ്ധീരിച്ച ഒരു പഠനം കണ്ടെത്തി.
ശരീരഭാരം
സൂര്യകാന്തി വിത്തുകളിൽ കലോറി കൂടുതലാണെങ്കിലും കുറഞ്ഞ അളവിൽ ഇത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും. ഫൈബർ, പ്രോട്ടീൻ, എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മിതമായ അളവിൽ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് നല്ലതാണ്.
കാൻസർ പ്രതിരോധം
സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ, സെലിനിയം എന്നിവ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ കോശങ്ങളുടെ ഓക്‌സിഡേറ്റീവ് നാശം കുറയ്ക്കാൻ സഹായിക്കും. കാൻസർ കോശങ്ങളുടെ വളർച്ച തടയാനും സൂര്യകാന്തി വിത്തുകൾ ഫലപ്രദമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടവ; പോഷകസമ്പുഷ്‌ടമാണ് ഈ വിത്തുകൾ