ന്യൂഡൽഹി: കപ്പിള്‍ ഫ്രണ്ട്‌ലി ഒയോ (OYO) റൂമുകള്‍ ഇനി മുതല്‍ അത്ര ഫ്രണ്ട്‌ലി ആകാൻ സാധ്യതയില്ല. ചെക്ക്-ഇന്‍ പോളിസിയില്‍ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് ഒയോ മാനേജ്‌മെൻ്റ്. അവിവാഹിതരായ കപ്പിള്‍സിന് ഇനി മുതല്‍ റൂം ബുക്ക് ചെയ്യാനോ നേരിട്ട് പോയി എടുക്കാനോ സാധിക്കില്ല. കൂടെയുള്ള വ്യക്തിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് തെളിയിക്കണം.
ചുരുക്കി പറഞ്ഞാല്‍ അവിവാഹിതര്‍ക്ക് പ്രവേശനമില്ലെന്ന് സാരം. ഈ വര്‍ഷം മുതല്‍ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് ട്രാവൽ ബുക്കിങ് കമ്പനിയായ ഒയോ അറിയിച്ചിരിക്കുന്നത്. ചെക്ക്-ഇൻ സമയത്ത് വിവാഹിതരാണ് എന്നത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും എന്നതാണ് പ്രധാന മാറ്റം.
അവിവാഹിതരായവരെ ഓയോ ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്യാൻ അനുവദിക്കരുതെന്ന ഫീഡ് ബാക്കുകളും മീററ്റിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ നിര്‍ദേശവും പ്രകാരമാണ് ഇത്തരത്തില്‍ ഒരു അഴിച്ചു പണി നടത്തുന്നത്. നിലവില്‍ മീററ്റില്‍ ഈ നയം പ്രാബല്യത്തിലുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ അറിയിപ്പ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സുരക്ഷിതവും ഉത്തരവാദിത്തപരവുമായ സേവനം ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങളെന്ന് ഓയോ നോർത്ത് ഇന്ത്യ റീജണല്‍ തലവന്‍ പാവാസ് ശർമ പറഞ്ഞു. "ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ പറ്റിയില്ലെങ്കില്‍ ചെക്ക്-ഇൻ നിരസിക്കാനുള്ള അധികാരം ഹോട്ടലുകള്‍ക്കുണ്ട്. സുരക്ഷിതമായ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാൻ ഒയോ പ്രതിജ്ഞാബദ്ധമാണ്.
പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഒയോ മാനിക്കുന്നു. എന്നാല്‍ നിയമപാലകരുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയും നിര്‍ദേശങ്ങള്‍ അംഗീകരിക്കാനുള്ള ഉത്തരവാദിത്തവും തങ്ങള്‍ക്കുണ്ട്. അധാർമിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. അനധികൃതമായി ഓയോ ബ്രാൻഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യും" - പാവാസ് ശർമ വ്യക്തമാക്കി.
വീട്ടിൽ നിന്നു മാറി യാത്ര പോകുന്നവർക്കും ബിസിനസ് ആവശ്യങ്ങൾക്കായി മാറി താമസിക്കേണ്ടി വരുന്നവർക്കും മറ്റ് പല സാഹചര്യങ്ങൾ കൊണ്ട് മുറിയെടുത്ത് താമസിക്കേണ്ടി വരുന്നവർക്കും 23 മണിക്കൂർ സർവിസ് വാഗ്‌ദാനം ചെയ്യുന്നതാണ് ഓയോ റൂമുകൾ. ഒരാൾക്കോ, കപ്പിൾ ആയോ , കുടുംബമായോ താമസിക്കാൻ ഓയോ റൂമുകളും ഓയോ ഹോമുകളും പല പ്രൈസ് റേഞ്ചിൽ ലഭ്യമാണ്.