തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അധ്യക്ഷനായി തുടരുന്നതിനെ ശക്തമായി പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ. സുധാകരന്‍റെ നേതൃത്വത്തിൽ പാർട്ടിക്ക് കാര്യമായ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉണ്ടൈായിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്‍റിനെ നിയമിക്കുന്നത് ഉൾപ്പെടെ ഹൈക്കമാൻഡ് തലത്തിൽ ആലോചന നടക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ശശി തരൂരിന്‍റെ പ്രസ്‌താവന.
കെ സുധാകരൻ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് ഉൾപ്പെടെ പാർട്ടി വളരെ മികച്ച പ്രകടനം കാഴ്‌ചവച്ചു. അതിനാൽ കെ പിസിസി പ്രസിഡന്‍റിനെ മാറ്റണമെന്ന ആവശ്യത്തിൽ അർത്ഥമില്ല. അദ്ദേഹം തുടരട്ടെ, എല്ലാവരും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് നിൽക്കണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാർട്ടി പുനഃസംഘടനയെക്കുറിച്ചും കെപിസിസി പ്രസിഡന്‍റിനെ മാറ്റുന്നതിനെക്കുറിച്ചും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന് സുധാകരൻ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ശശി തരൂരിന്‍റെ പ്രസ്‌താവന. എഐസിസി തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ അനുസരണയുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ താനത് അനുസരിക്കുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.