63ആം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതൽ തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. സ്‌കൂള്‍ കലോത്സവത്തിന്‍റെ അനുഭവങ്ങൾ പങ്കിട്ട് നടനും സംവിധായകനുമായ വിനീത് കുമാർ ഇ ടി വി ഭാരതിനോട് സംസാരിക്കുന്നു. 1988ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനീത് കുമാർ കലാപ്രതിഭ പട്ടം നേടിയിരുന്നത്. ഏറ്റവും ചെറിയ പ്രായത്തിൽ കലാപ്രതിഭ പട്ടം നേടുന്ന ആദ്യ വിദ്യാർത്ഥിയായിരുന്നു വിനീത് കുമാർ.
കുട്ടിക്കാലം മുതൽ തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയ ഒരാളാണ് താനെന്ന് വിനീത് കുമാർ പറഞ്ഞു. സ്‌കൂള്‍ കലോത്സവങ്ങൾ കലാകാരന്മാരും കലാകാരികളുമായ കുട്ടികൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വേദിയായിരുന്നു അക്കാലത്ത്. പക്ഷേ ഒരു കലാപ്രതിഭ പട്ടം മാത്രമല്ല തന്‍റെ സിനിമയിലേക്കുള്ള അവസരങ്ങൾ തുറന്നു കിട്ടുന്നതിന് കാരണമായതെന്നും വിനീത് കുമാർ പറയുകയുണ്ടായി.
എല്ലാവർഷവും കലോത്സവവേദികൾ സന്ദർശിക്കുവാനുള്ള അവസരങ്ങൾ ലഭിക്കാറില്ല. എങ്കിലും കലോത്സവവേദികളിൽ എന്തൊക്കെ സംഭവിക്കുന്നു എന്ന് സസൂക്ഷ്‌മം വീക്ഷിക്കാറുണ്ട്. അത് വീട്ടിൽ ചർച്ച ചെയ്യാറുണ്ട്.
കലോത്സവ വേദികള്‍ വഴക്കുണ്ടാക്കാനുള്ള ഇടമല്ല
സ്‌കൂള്‍ കലോത്സവങ്ങൾ കലാപ്രകടനങ്ങൾ കാഴ്‌ചവയ്ക്കാനുള്ള വേദിയാണ്. വഴക്കുണ്ടാക്കാനുള്ള വേദികൾ അല്ല എന്ന് ഇവിടുത്തെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ആദ്യം തന്നെ മനസിലാക്കണമെന്ന് വിനീത് കുമാർ പറയുകയുണ്ടായി.
ചെറിയൊരു ഈഗോയിൽ നിന്നാണ് വലിയ വിവാദങ്ങൾ വരെ ഉടലെടുക്കുന്നത്. അതൊക്കെ ഒഴിവാക്കണം. കഴിഞ്ഞ കുറച്ചു കലോത്സവ കാലങ്ങൾ വീക്ഷിച്ചതിൽ നിന്നും വളരെയധികം സങ്കടകരമായ ചില കാര്യങ്ങൾ ബോധ്യപ്പെട്ടു. കുട്ടികൾക്കിടയിൽ ഉണ്ടാകേണ്ട മനുഷ്യത്വപരമായ സമീപനങ്ങൾ മത്സരബുദ്ധിയിൽ മാറിനിൽക്കുന്നു. ഒരു ഗ്രൂപ്പ് പ്രകടനം കാഴ്‌ചവയ്ക്കുമ്പോൾ അതിലൊരു കുട്ടി കുഴഞ്ഞു വീഴുകയും ബാക്കിയുള്ളവർ ആ കുട്ടിയെ കണക്കിലെടുക്കാതെ മികച്ച പ്രകടനം കാഴ്‌ച വച്ചവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ഓർഗനൈസിംഗ് കമ്മിറ്റികൾ ചെയ്യേണ്ടത് ഒരു ഗ്രൂപ്പ് പ്രകടനം കാഴ്‌ചവയ്ക്കുമ്പോൾ ഒരു കുട്ടി കുഴഞ്ഞു വീണാൽ മത്സരം നിർത്തിവച്ച് ആ കുട്ടിക്ക് ചികിത്സ കൊടുക്കണമെന്നുള്ളതാണ്. അല്ലാതെ മത്സരം കുഴഞ്ഞുവീണ കുട്ടിയെ ഒഴിവാക്കി തുടരുക എന്നുള്ളതല്ല.
കഴിഞ്ഞ കലോത്സവ വേദിയിലോ മറ്റോ ആണെന്ന് തോന്നുന്നു ഒരു കുട്ടിയുടെ കയ്യിലെ കുപ്പിവള പൊട്ടി ആ കുട്ടിക്ക് മുറിവേൽക്കപ്പെടുന്നു. വസ്ത്രത്തിൽ ഒക്കെ രക്തമാണ്. പക്ഷേ ആ കുട്ടി മുറിവേറ്റിട്ടും മത്സരയിനം പൂർത്തിയാക്കാൻ നിർബന്ധിതയാകേണ്ടിവന്നു. ഇതൊന്നും ശരിയായ നടപടി അല്ല എന്ന് വിനീത് കുമാർ പറയുകയുണ്ടായി.
മനുഷ്യത്വത്തിന് അപ്പുറത്തേക്ക് മത്സരത്തെയും മാർക്കിനെയും വിജയത്തെയും ഒക്കെ ചേർത്തു വായിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്ന് വിനീത് കുമാർ വ്യാകുലപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തിനിടയിൽ ചില ടെക്‌നിക്കൽ മിസ്റ്റേക്കുകൾ സംഭവിക്കുമ്പോൾ അതൊക്കെ മാർക്കിനെ ബാധിക്കുന്നത് യോജിക്കാവുന്ന കാര്യങ്ങളെല്ല. ഒരു പാട്ട് ബാഗ്രൗണ്ട് പ്ലേ ചെയ്യുമ്പോൾ ചിലപ്പോൾ സ്‌കിപ്പ് ആയി പോകാം. യന്ത്രങ്ങൾ ആണല്ലോ തെറ്റുകൾ സംഭവിക്കാം. അതിന്‍റെയൊക്കെ പേരിൽ മാർക്ക് കുറഞ്ഞ സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം നിസാര തെറ്റുകളുടെ പേരിൽ മാർക്ക് കുറയ്ക്കുന്നത് കുട്ടികളിൽ വളരെയധികം മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കും.
ഈ കാര്യങ്ങളൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അധികൃതർ ചർച്ച ചെയ്‌ത് തീരുമാനങ്ങൾ എടുക്കേണ്ടതായോണ്ട്. ഒരു തെറ്റ് സംഭവിച്ചാൽ കുട്ടികൾ അതിനെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്നും രക്ഷിതാക്കൾ അവരെ ബോധവാന്മാരാക്കണം.വിനീത് കുമാർ അഭിപ്രായപ്പെട്ടു.
പ്രകടനം മികച്ചതാവാന്‍ ശ്രദ്ധിക്കണം
ഞാൻ കലോത്സവവേദികളിൽ പങ്കെടുക്കുമ്പോൾ അതായത് ഭരതനാട്യം ആണെങ്കിലും കുച്ചുപ്പുടി ആണെങ്കിലും എന്‍റെ പ്രകടനം വേദിയിൽ മികച്ചതാകണമെന്ന് മാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ. എല്ലാ കുട്ടികളും ആ രീതിയിൽ വേണം ചിന്തിക്കാൻ എന്ന് വിനീത് കുമാർ അഭിപ്രായപ്പെട്ടു.
അക്കാലത്ത് മികച്ച പ്രകടനം കാഴ്‌ചവച്ച ശേഷം വേദിയിൽ നിന്നിറങ്ങുമ്പോൾ അധ്യാപകരും രക്ഷിതാക്കളും ബന്ധുക്കളും ഒക്കെ വന്ന് അനുമോദിക്കാറുണ്ട്. ആ ഒരു നിമിഷത്തിനുശേഷം വിജയ പരാജയങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്‌തവം. അപ്പോഴത്തെ പ്രായം, എന്‍റെ അധ്യാപകരുടെ ഗൈഡൻസ് ഒക്കെ തന്നെയാണ് അങ്ങനെ പുരോഗമനപരമായി ചിന്തിക്കാൻ കാരണമായത്.
വേദിയിൽ കയറുന്നതിനു മുമ്പ് തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കണം എന്നതിനെക്കുറിച്ച് മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. പങ്കെടുക്കുന്ന എല്ലാ മത്സരത്തിനും ഒന്നാം സമ്മാനം കിട്ടണം കലാപ്രതിഭയാകണം അങ്ങനെയൊന്നും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. വിനീത് കുമാർ വ്യക്തമാക്കി.
വിധി പറയുന്ന സമയത്ത് തന്‍റെ അടുത്തുനിൽക്കുന്ന മറ്റു മത്സരാർത്ഥികൾ കണ്ണൊക്കെ ഇറുക്കി അടച്ച് വിധിനിർണയം കേൾക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സമ്മാനം ഇല്ല എന്നറിയുമ്പോൾ ചിലരൊക്കെ പൊട്ടിക്കരയും. അതൊക്കെ കാണുമ്പോൾ സത്യത്തിൽ അന്ന് എനിക്ക് അപ്പോൾ ചിരിയാണ് വന്നത്. വിജയിക്കണമെന്ന് ചിന്ത എന്നെ ഒരിക്കലും അലട്ടിയിട്ടുണ്ടായിരുന്നില്ല. വിജയിച്ചിട്ട് മാത്രമേ മടങ്ങി വരാവൂ എന്ന് എന്‍റെ അധ്യാപകരും രക്ഷിതാക്കളും വാശി പിടിച്ചിട്ടുമില്ല. നന്നായി പ്രകടനം കാഴ്‌ചവയ്ക്കുക അതുമാത്രമാണ് ലഭിച്ച ഉപദേശവും ഉൾക്കൊണ്ട കാര്യവും. പറഞ്ഞാൽ വിശ്വസിക്കില്ല സമ്മാനം അനൗൺസ് ചെയ്യുമ്പോൾ ഞാനത് കേൾക്കാൻ കൂടി നിൽക്കാറില്ല.വിനീത് കുമാർ പറഞ്ഞു.
മത്സരബുദ്ധി രക്ഷിതാക്കള്‍ക്ക്
സത്യത്തിൽ ഇവിടെ കുട്ടികൾക്ക് അല്ല വാശിയും മത്സരബുദ്ധിയും ഒക്കെ. അവരുടെ കൂടെയുള്ള രക്ഷിതാക്കൾക്ക് ആണെന്ന് തോന്നുന്നു. അപ്പോഴത്തെയും ഇപ്പോഴത്തെയും കലോത്സവങ്ങളിൽ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ എനിക്ക് തോന്നുന്ന ഒരു കാര്യം രണ്ടായിരത്തിന് മുൻപൊക്കെ ഒരു ഇനം വേദിയിൽ അവതരിപ്പിക്കുന്നതിന് വളരെയധികം പണ ചിലവുണ്ടായിരുന്നു. ഒരു പാട്ട് കാസറ്റാക്കി മാറ്റണമെങ്കിലോ, എഡിറ്റ് ചെയ്‌ത് കൂട്ടിച്ചേർക്കണമെങ്കിലോ നല്ലൊരു തുകയാകും. ഇന്ന് നമ്മുടെ ഫോണിൽ ലഭിക്കാത്ത ടെക്നോളജി ഒന്നുമില്ല. വിനീത് കുമാർ വ്യക്തമാക്കി.
ടെക്‌നിക്കൽ പ്രശ്‌നങ്ങൾകൊണ്ട് സംഭവിക്കുന്ന തെറ്റുകൾക്ക് കുട്ടികളെ കുറ്റക്കാരായി കാണരുതെന്ന് ഒരിക്കൽകൂടി പറയുന്നു. ഒരു മത്സരാർത്ഥിയുടെ കഴിവും കഴിവുകേടും നിശ്ചയിക്കുന്നത് ടെക്നോളജി അല്ല. ഈ കലോത്സവ വേദിയിൽ അതിനൊരു സൊലൂഷൻ കൃത്യമായി കണ്ടെത്തണം. വിനീത് കുമാർ നിർദ്ദേശിച്ചു.
നിങ്ങളൊക്കെ ഒന്ന് ചിന്തിച്ചു നോക്കണം സ്‌കൂള്‍ കാലഘട്ടത്തിന്‍റെ അവസാനഘട്ടത്തിൽ നിൽക്കുന്ന ഒരു കുട്ടിയ്ക്ക് ചെറിയൊരു ടെക്‌നിക്കൽ തെറ്റ് സംഭവിച്ചത് കാരണം അവസരം നഷ്‌ടപ്പെട്ടു എന്ന് വന്നാൽ ആ കുട്ടിയുടെ മാനസികാവസ്ഥ എപ്രകാരമായിരിക്കും. വീണ്ടും ഒരു അവസരം ആ മത്സരാർത്ഥിക്ക് പിന്നെ ലഭിക്കുകയും ഇല്ല. അതൊക്കെ ഉൾക്കൊള്ളാൻ കാര്യക്ഷമമായി ശ്രമിക്കണം. അഭ്യർത്ഥനയാണ്, വിനീത് കുമാർ പറഞ്ഞു.
രക്ഷിതാക്കളും ജഡ്‌സും തമ്മിലുള്ള വാക്കേറ്റം
കലോത്സവ വേദിയിലെ വിവാദങ്ങൾക്ക് അന്ന് ഇന്ന് അങ്ങനെയുള്ള വ്യത്യാസമൊന്നുമില്ല. ജഡ്‌ജസും രക്ഷിതാക്കളും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നത്, ജില്ലകൾ തമ്മിലുള്ള മത്സരം ഇതൊക്കെ സർവ സാധാരണമായ ഒരു കാര്യമായിരുന്നു. ഇന്ന് നവധാര മാധ്യമങ്ങൾ സജീവമായതുകൊണ്ട് കാര്യങ്ങളെ ഊതിപെരുപ്പിച്ച് വലുതാക്കുന്നു. അന്ന് അതൊക്കെ പത്രങ്ങളിലെ വലിയ തലക്കെട്ടുകൾ ആയിരുന്നു. വിനീത് കുമാർ വ്യക്തമാക്കി.
കലോത്സവ വേദികളാണ് തനിക്ക് സിനിമയിലേക്കുള്ള വലിയ അവസരങ്ങൾ നൽകിയതെന്ന് പൂർണമായും പറയാൻ സാധിക്കില്ല. കലോത്സവ വേദികളും അടിസ്ഥാനമായിരുന്നു. ജില്ലാ സംസ്ഥാന കലോത്സവവേദികളിലെ എന്‍റെ പ്രകടനങ്ങൾ അക്കാലത്ത് ഒരുപാട് സിനിമ പ്രവർത്തകർ ശ്രദ്ധിച്ചിരുന്നു എന്നുള്ളത് വാസ്‌തവമാണ്. യുവജനോത്സവങ്ങൾക്ക് വേണ്ടി നൃത്തം അഭ്യസിച്ച് ഒരാൾ അല്ല ഞാൻ. ഇവിടത്തെ കലാകാരന്മാരും കലാകാരികളും അത് മനസിലാക്കണം. ഒരു വേദിക്ക് വേണ്ടി മാത്രം കലയെ സമീപിക്കുന്നത് ശരിയായ പ്രവണതയല്ല. വിനീത് കുമാർ പ്രസ്‌താവിച്ചു.
യുവജനോത്സവ വേദിയിലേക്ക് ചുവട് വയ്ച്ച് കയറുന്ന മത്സരാർത്ഥികളോട് വിനീത് കുമാറിന് പറനുള്ളത്
കലോത്സവ വേദിയിലെ വിജയ പരാജയങ്ങൾ നിങ്ങൾക്കുള്ളിലെ കലാകാരനെയോ കലാകാരിയെയോ ഒരു കാരണവശാലും സ്വാധീനിക്കരുത്. നിങ്ങളുടെ കലാ നൈപുണ്യം മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കുന്ന ഒരു വേദിയായി മാത്രമേ കലോത്സവവേദികളെ കണക്കാക്കാവൂ. എന്‍റെ ഏറ്റവും മികച്ച പെർഫോമൻസ് അത്ര മാത്രമാകണം ചിന്ത. വിനീത് കുമാർ പറഞ്ഞു നിർത്തി.
Also Read:ഇവർ താരങ്ങൾ: കലോത്സവത്തിലൂടെ വെള്ളിത്തിരയിലേക്ക് വഴിവെട്ടിയവർ