ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഒരേപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. വിറ്റാമിൻ ഡി, അയേൺ എന്നിവയുടെ കുറവ് ഉൾപ്പെടെ പല കാരണങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാകാം. മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് മിക്കവരും. എന്നാൽ മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാനും സഹായിക്കുന്ന ഫലപ്രദമായ ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ചെമ്പരത്തി
ചെമ്പരത്തിയിൽ വിറ്റാമിൻ, അമിനോ ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും. മുടിയ്ക്ക് ബലം നൽകാനും ചെമ്പരത്തി സഹായിക്കും. അതിനായി ചെമ്പരത്തി പൂവും ഇലയും അരച്ച് താളിയാക്കി തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. ശേഷം അൽപ സമയത്തിന് ശേഷം കഴുകി കളയാം. ആഴ്‌ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിയെ കരുത്തുറ്റതാക്കാൻ സഹായിക്കും.
തൈര്
പ്രോട്ടീനിന്‍റെയും വിറ്റാമിന്‍റെയും സമ്പന്ന ഉറവിടമാണ് തൈര്. ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. താരൻ അകറ്റാനും ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കാനും തൈര് ഫലപ്രദമാണ്. മുടിയെ ആരോഗ്യത്തോടെ നിലനിർത്താൻ ഇത് സഹായിക്കും. അതിനായി തണുത്ത തൈര് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
മുട്ട
മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് മുട്ട. പ്രോട്ടീൻ, ബയോട്ടിൻ, സൾഫർ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്‌ടമാണിത്. മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യം നിലനിർത്താനും മുട്ട വളരെയധികം സഹായിക്കും. അതിനായി ഒരു മുട്ടയിലേക്ക് ഒരു ടേബിൾസ്‌പൂൺ ഒലിവ് ഓയിൽ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് 20 മിനിറ്റ് നേരം മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ഉള്ളി
സൾഫറിന്‍റെ സമ്പന്ന ഉറവിടമാണ് ഉള്ളി. കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കും. താരൻ അകറ്റാനും മുടികൊഴിച്ചിൽ തടയാനും മുടിയെ കരുത്തുറ്റതാക്കാനും ഉള്ളി ഗുണകരമാണ്. മുടിയുടെ വളർച്ചയെയും ഇത് സഹായിക്കും. അതിനായി ഉള്ളിയുടെ നീര് തലയോട്ടിയിൽ പുരട്ടുക. 20 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ഗ്രീൻ ടീ
ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ച സ്രോതസാണ് ഗ്രീൻ ടീ. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ സഹായിക്കും. അതിനായി തിളപ്പിച്ചാറിയ ഗ്രീൻ ടീയിൽ തലമുടി കഴുകുക. ഒരു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : വീട്ടിൽ ഈ വിത്തുണ്ടോ ? തിളങ്ങുന്ന ആരോഗ്യമുള്ള മുടി സ്വന്തമാക്കാം