വിശാഖപട്ടണം : മദ്യലഹരിയിൽ വഴക്കിട്ട ഭര്‍ത്താവിനെ ഭാര്യ അടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ നിസാംപട്ടണത്തിലാണ് സംഭവം. കോത്തപാലം സ്വദേശി അരുണയാണ് (30) അമരേന്ദ്ര ബാബു (38)നെ കൊലപ്പെടുത്തിയത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഭർത്താവ് മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സ്ഥിരമാണ്. ഭർത്താവിൻ്റെ പീഡനം കടുത്തതോടെ ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്ക് താക്കീത് നല്‍കി വിടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംഭവത്തിന് ശേഷവും ഇയാളുടെ സ്വഭാവത്തില്‍ മാറ്റമില്ലാതെയായതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രി മദ്യപിച്ച് കോത്തപാലത്തെ ഭാര്യ വീട്ടിലെത്തിയ ഇയാള്‍ ഭാര്യ അരുണയെ ഉപദ്രവിക്കുകയായിരുന്നു. വഴക്കിട്ട് ഇരുവരും റോഡിലെത്തി. ഇവിടെവച്ച് അരുണ വടികൊണ്ട് ഭര്‍ത്താവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട അമരേന്ദ്ര ബാബുവിനെ കഴുത്തില്‍ കുരുക്കിട്ട് കെട്ടിത്തൂക്കാനുള്ള ശ്രമവും നടത്തി.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിവരം പുറത്തായത്. നിലവില്‍ അരുണ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്.