നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങളിലെ വിണ്ടുകീറൽ. ഇത് കാലുകളുടെ ഭംഗി നഷ്‌ടപ്പെടുത്തുമെന്ന് മാത്രമല്ല അസഹനീയമായ വേദന അനുഭവപ്പെടാനും കാരണമാകും. തണുപ്പ് കാലത്ത് ഈ പ്രശ്‍നം രൂക്ഷമാകുന്നു. ചില വിറ്റാമിനുകളുടെ അഭാവമാണ് പാദങ്ങൾ വിണ്ടു കീറുന്നതിന്‍റെ പ്രധാന കാരണം. എന്നാൽ ഈ പ്രശ്‍നം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഇതാ...
പഴം
പഴം നല്ലൊരു മോയ്‌സ്‌ചറൈസറാണ്. ഇതിൽ വിറ്റാമിന് എ, ബി 6, സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മം ഹൈഡ്രേറ്റ് ചെയ്‌ത് നിലനിർത്താനും ഇലാസ്റ്റിസിറ്റി നിലനിർത്താനും ഇവ സഹായിക്കും. ഒരു പഴമെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് വിണ്ടു കീറിയ ഇടങ്ങളിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയാം. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ഫലം നൽകും.
തേൻ
ചർമ്മം വരണ്ടു പോകാതെ സംരക്ഷിക്കാനുള്ള കഴിവ് തേനിനുണ്ട്. പ്രകൃതിദത്തമായ നല്ലൊരു ആന്‍റിസെപ്റ്റിക് കൂടിയാണ് തേൻ. പാദങ്ങളിൽ വിണ്ടു കീറുന്നത് തടയാനും തേൻ ഗുണം ചെയ്യും. അതിനായി ഒരു ബക്കറ്റിൽ കുറച്ച് ചൂടുവെള്ളം എടുക്കുക. അതിലേക്ക് ഒരു കപ്പ് തേൻ ഒഴിക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത ശേഷം ഈ വെള്ളത്തിൽ പാദങ്ങൾ ഇറക്കി വെച്ച് 20 മിനുട്ട് നേരം മസാജ് ചെയ്യാം. ദിവസേന ഇങ്ങനെ ചെയ്യുന്നത് വിള്ളൽ ഇല്ലാതാക്കും.
വെജിറ്റബിൾ ഓയിൽ
വെജിറ്റൽ ഓയിലിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ വളരെയധികം നല്ലതാണ്. പാദങ്ങളിലെ വിണ്ടുകീറൽ മാറ്റാനും വെജിറ്റബിൾ ഓയിൽ ഫലപ്രദമാണ്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് കാലുകൾ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം വെജിറ്റബിൾ ഓയിൽ പുരട്ടുക. ശേഷം സോക്‌സ് ധരിച്ച് വേണം കിടക്കാൻ. ദിവസവും ഇങ്ങനെ ചെയ്യാം. ഇത് വിള്ളൽ അകറ്റാൻ സഹായിക്കും.
അരിപ്പൊടിയും തേനും
ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ അരിപൊടി നല്ലതാണ്. അരിപ്പൊടിയും തേനും സമാസമം എടുത്ത് ഇതിലേക്ക് അഞ്ചോ ആറോ തുള്ളി വിനാഗിരി കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് പാദങ്ങളിൽ പുരട്ടക. 20 മിനുട്ടിന് ശേഷം ഉരച്ച് കഴുകി കളയാം. ആഴചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് വിള്ളൽ മാറാൻ ഗുണം ചെയ്യും.
നാരങ്ങ
പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. ഒരു ബക്കറ്റിൽ അൽപ്പം വെള്ളമെടുത്ത് അതിലേക്ക് ഒരു നാരങ്ങ പിഴിയുക. ശേഷം പാദം അതിലേക്ക് ഇറക്കി വെക്കുക. 20 മിനുട്ട് കഴിഞ്ഞ് ഒരു പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് വിള്ളലുള്ള ഇടങ്ങളിൽ നന്നായി സ്ക്രബ്ബ് ചെയ്യുക. ആഴചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. ഇത് വിള്ളൽ അകറ്റാൻ നല്ലതാണ്.
Also Read: ചർമ്മം മിന്നിതിളങ്ങാൻ ഇത് മാത്രം മതി; ഒരു കിടിലൻ ഫേസ് മാസ്‌ക് ഇതാ... ഫലം ഉറപ്പ്