2024 ക്യാൻ ഫിലിം ഫെസ്‌റ്റിവലില്‍ പുരസ്‌കാര നേട്ടം കൈവരിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളില്‍ കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയിരുന്നു. 'പ്രഭയായ് നിനച്ചതെല്ലാം' എന്ന പേരില്‍ കേരളത്തിൽ റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. എന്നാൽ സിനിമയിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉടലെടുക്കുകയാണ്.
ഈ സാഹചര്യത്തില്‍ സിനിമയില്‍ പ്രധാന വേഷത്തിലെത്തിയ ദിവ്യപ്രഭ തന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ്. ക്യാൻ ഫെസ്‌റ്റിവലിൽ പുരസ്‌കാരം നേടി ഇന്ത്യയുടെ അഭിമാനമായ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്നും സിനിമ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ടെന്നും നടി പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച്ച മുതൽ പ്രദർശനത്തിനെത്തിയ ചിത്രം കേരളത്തിൽ മാത്രമല്ല ദേശീയതലത്തിലും വളരെയധികം ശ്രദ്ധയാകർഷിക്കുന്നുവെന്നും ദിവ്യപ്രഭു പറഞ്ഞു. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'നെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇതാദ്യമായാണ് ദിവ്യപ്രഭ ഒരു മാധ്യമത്തോട് പങ്കുവച്ചിരിക്കുന്നത്.
"ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സംവിധായക പായൽ കപാടിയ എന്നെ ആദ്യം കാസ്‌റ്റ് ചെയ്യുന്നത് ഈ ചിത്രത്തിൽ കനി കുസൃതി അവതരിപ്പിച്ച കഥാപാത്രത്തിലേക്കാണ്. നിരവധി ഫെസ്‌റ്റിവലുകളിൽ മികച്ച പ്രകടനം കാഴ്‌ച്ചവച്ച മഹേഷ് നാരായണൻ ചിത്രമായിരുന്നു അറിയിപ്പ്.
കുഞ്ചാക്കോ ബോബനായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സിനിമയിലെ എന്‍റെ പ്രകടനമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റിലേയ്‌ക്ക് പായൽ കപാടിയയുടെ ക്ഷണം ലഭിക്കാൻ കാരണമായത്. കനി കുസൃതി അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി രണ്ട് തവണ ഒഡീഷൻ അറ്റൻഡ് ചെയ്‌തു.
എന്നാൽ പായൽ കപാടിയ എന്നെ നേരിട്ട് മീറ്റ് ചെയ്‌തപ്പോൾ കനി കുസൃതി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ രൂപഭാവ ഗുണങ്ങളുമായി എനിക്ക് യാതൊരു സാമ്യവുമില്ലെന്ന് പറയുകയുണ്ടായി. പിന്നീടാണ് അനു എന്ന കഥാപാത്രത്തിന് വേണ്ടി എന്നെക്കൊണ്ട് വീണ്ടും ഒഡീഷൻ ചെയ്യിപ്പിക്കുന്നത്."-ദിവ്യ പ്രഭ പറഞ്ഞു.
സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച താരങ്ങളെ കുറിച്ചും സംവിധായക പായൽ കപാടിയയെ കുറിച്ചും നടി സംസാരിച്ചു. കനി കുസൃതിയുമായുള്ള ബന്ധത്തെ കുറിച്ചും ദിവ്യ പ്രഭ വാചാലയായി.
"മികച്ച ഒരു പ്രതിഭയാണ് സംവിധായക പായൽ കപാടിയ. കോംപ്രമൈസ് എന്നൊരു വാക്ക് അവരുടെ നിഘണ്ടുവില്‍ ഇല്ല. ഒരു ഷോട്ട് ഉദ്ദേശിച്ച രീതിയിൽ ലഭിക്കുന്നതിന് എത്ര സമയം ചെലവഴിക്കാനും അവർ തയ്യാറാണ്. പായലിന്‍റെ അർപ്പണ ബോധത്തിന്‍റെ റിസൾട്ടാണ് ഒരുപക്ഷേ ഈ ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം. വ്യക്‌തി ജീവിതത്തിലും വളരെ സൗമ്യവതിയാണ് പായൽ കപാടിയ.
അസീസ് നെടുമങ്ങാടും ഹൃദുവും ഗംഭീര അഭിനേതാക്കളാണ്. അവരുടെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും ഒരു പ്രശ്‌നം കൊണ്ട് ഷോട്ടിന് ഒരിക്കലും തടസ്സം സംഭവിക്കില്ല. അതുകൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്നിലേ കഥാപാത്രങ്ങളുടെ കെമിസ്ട്രി കൃത്യമായി വർക്കൗട്ടായി. കനി കുസൃതിയുമായി 2015 മുതലുള്ള ബന്ധമാണ്. ഞങ്ങൾ ഒരുമിച്ച് ഒരു ടെലിവിഷൻ ഷോയിൽ അഭിനയിച്ചിരുന്നു. സിനിമയിൽ ആദ്യമായിട്ടാണ്." -ദിവ്യപ്രഭ പറഞ്ഞു.
കരിയറിന്‍റെ തുടക്കം മുതല്‍ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ കുറിച്ചും നടി മനസ്സു തുറന്നു. ആദ്യ കാലങ്ങളിൽ നിന്നും വിഭിന്നമായി മികച്ച കഥാപാത്രങ്ങൾ തന്നെ തേടിവരുന്നുവെന്നാണ് ദിവ്യപ്രഭ പറയുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന് ശേഷമാണ് കരിയറില്‍ മാറ്റമുണ്ടായതെന്നും നടി വ്യക്‌തമാക്കി.
"കരിയറിന്‍റെ ആദ്യമെ തന്നെ മികച്ച കഥാപാത്രങ്ങൾക്ക് വേണ്ടി വാശിപിടിച്ചിരുന്നില്ല. പിന്നീട് പതുക്കെ പതുക്കെയാണ് അഭിനയത്തിന്‍റെ രസങ്ങൾ മനസ്സിലാക്കിയത്. അഭിനയ കലയെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയതോടെ പാഷനും ഒപ്പം വളർന്നു. മികച്ച കഥാപാത്രങ്ങൾ എന്‍റെ കരിയറിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അഭിനയകല എന്താണെന്ന് ഉൾക്കൊണ്ടതിന്‍റെയും പാഷന്‍റെയും കഠിനാധ്വാനത്തിന്‍റെയും പരിണിത ഫലമാണ്.
ചെയ്‌തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും വിജയമാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എങ്കിലും എന്നിലേക്ക് വരുന്ന കഥാപാത്രങ്ങൾ സംവിധായകന്‍റെ കാഴ്‌ച്ചപ്പാടിനനുസരിച്ച് മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമം നടത്തും. അതിപ്പോൾ ചെറിയ കഥാപാത്രം വലിയ കഥാപാത്രം എന്നിങ്ങനെയുള്ള വേർതിരിവൊന്നും കാണിക്കുകയില്ല.
മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത അറിയിപ്പ് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ഏതുതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് സംവിധായകർക്ക് വിശ്വാസം വരുന്നത്. എല്ലാത്തരം റോളുകളും എന്നെക്കൊണ്ട് മാക്‌സിമം നല്ല രീതിയിൽ ചെയ്യാൻ സാധിക്കും.
ചില സിനിമകൾക്ക് വേണ്ടി കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ ധാരാളം സമയം ലഭിക്കും. നേരത്തെ തന്നെ നമുക്ക് തിരക്കഥ അയച്ചുതരും. എന്നാൽ ചില സിനിമകൾ ചിലപ്പോൾ ചിത്രീകരണം നാളെ തുടങ്ങാന്‍ ഇരിക്കവെയായിരിക്കും എന്നെ തേടിയെത്തുക. അത്തരം കഥാപാത്രങ്ങളും മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്."-ദിവ്യപ്രഭ വിശദീരികരിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചും നടി പ്രതികരിച്ചു. വിമർശനങ്ങളെയും അഭിനന്ദനങ്ങളെയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളായാണ് കാണുന്നതെന്നും സോഷ്യൽ മീഡിയയിൽ കാണുന്ന വിലകുറഞ്ഞ വിമർശനങ്ങളെ ചെവി കൊള്ളാറില്ലെന്നും ദിവ്യപ്രഭ പറഞ്ഞു. എന്നാല്‍ സിനിമ പഠിച്ച സിനിമയെ അറിഞ്ഞ ചിലരുടെ വിമർശനങ്ങൾ താന്‍ ഉൾക്കൊള്ളാറുണ്ടെന്നും അത് തന്‍റെ പോരായ്‌മകളെ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുമെന്നും നടി വ്യക്‌തമാക്കി.
തേടിവരുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും കഥാപാത്രത്തെ സമീപിക്കുന്ന രീതിയെ കുറിച്ചും നടി വിശദീകരിച്ചു. ക്യാമറയ്‌ക്ക് മുന്നിൽ മാത്രമെ അഭിനയിക്കാൻ അറിയുള്ളൂവെന്നും ജീവിതത്തിൽ അപ്പോൾ തോന്നുന്നത് അപ്പോൾ ചെയ്യുന്ന വ്യക്‌തിയാണ് താനെന്നും ദിവ്യപ്രഭ പറഞ്ഞു.
"ഓരോ സിനിമയും ഓരോ ലൊക്കേഷനും എനിക്കൊരു പുതിയ സ്‌കൂൾ പോലെയാണ്. ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. പണ്ടത്തെ പോലെയല്ല, ഇപ്പോൾ ഒരു കഥാപാത്രത്തെ സമീപിക്കുന്ന രീതിയിലൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്.
ദിവ്യ പ്രഭ എന്ന വ്യക്‌തിയിലേക്ക് കടന്നു വരികയാണെങ്കിൽ അഭിപ്രായം പറയേണ്ട സ്ഥലത്ത് അഭിപ്രായങ്ങൾ പറയുന്ന സ്വഭാവമുള്ള ഒരാൾ തന്നെയാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിൽ ബുദ്ധിപരമായ സമീപനം സ്വീകരിക്കും.
ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളെല്ലാം മികച്ചതാണെന്ന അഭിപ്രായം ഇല്ല. എന്നെ തേടിവരുന്ന കഥാപാത്രങ്ങൾ ചെയ്യണോ വേണ്ടയോ എന്ന് ചിന്തിച്ചാണ് തീരുമാനം എടുക്കുന്നത്. അത്തരമൊരു തീരുമാനത്തിന്‍റെ അടിസ്‌ഥാനത്തിൽ ചെയ്‌തിട്ടുള്ള കഥാപാത്രങ്ങൾ പരാജയപ്പെട്ട് പോയാലും ഖേദിക്കുന്നില്ല." -ദിവ്യ പ്രഭ വ്യക്‌തമാക്കി.
സിനിമയില്‍ ഡബ്ബ് ചെയ്യുന്നതിനെ കുറിച്ചും നടി പ്രതികരിച്ചു. തന്‍റെ കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്യാന്‍ കഴിയാത്തില്‍ വിഷമം തോന്നാറുണ്ടെന്നും ദിവ്യപ്രഭ പറഞ്ഞു.
"ചില സിനിമകളിൽ എന്നെ ഡബ്ബ് ചെയ്യാൻ വിളിക്കാറില്ല. അപ്പോൾ മാത്രമാണ് ഒരു ചെറിയ വിഷമം ഉണ്ടാവുക. എന്നെ അറിയിക്കുക കൂടി ചെയ്യാതെ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന് മറ്റൊരാൾ ശബ്‌ദം നൽകും. അത്തരമൊരു പ്രവർത്തി ഒഴികെ എന്നെ സിനിമയിൽ വിഷമിപ്പിച്ച മറ്റു കാര്യങ്ങളൊന്നും തന്നെ ഇല്ല.
ഒരു കഥാപാത്രം അവതരിപ്പിക്കുമ്പോൾ അഭിനേതാവിന്‍റെ ശബ്‌ദവും പ്രാധാന്യമുള്ള ഒരു ഘടകമാണ്. ഒന്ന് ടെസ്‌റ്റ് പോലും ചെയ്യാതെ പലപ്പോഴും മറ്റൊരാളെ കൊണ്ട് എന്‍റെ കഥാപാത്രങ്ങളെ ഡബ്ബ് ചെയ്‌തിട്ടുണ്ട്. അതുമാത്രമാണ് എന്നെ വിഷമിപ്പിച്ചിട്ടുള്ളതും ചൊടിപ്പിച്ചിട്ടുള്ളതും."-ദിവ്യ പ്രഭു പറഞ്ഞു.
തമാർ സംവിധാനം ചെയ്യുന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിൽ നവംബർ 25ന് ജോയിൻ ചെയ്യുമെന്നും ആസിഫ് അലിയാണ് നായകനെന്നും ദിവ്യ പ്രഭ അറിയിച്ചു.