നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് പപ്പായ. കറുമൂസ, ഓമക്കായ, കപ്പളങ്ങ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന പപ്പായ പോഷകങ്ങളുടെ കലവറയാണ്. പതിവായി ഇത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ സമ്പന്ന ഉറവിടം കൂടിയാണിത്. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പഴമാണ് പപ്പായ. വെറും വയറ്റിലും അല്ലാതെയും പപ്പായ കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും.
ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനും മലബന്ധം അകറ്റാനും പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഫലം ചെയ്യും. ഇതിലെ പപ്പൈൻ എന്ന എൻസൈം ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായിക്കുന്നവയാണ്. പപ്പായയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ, സി, ലൈക്കോപീൻ എന്നീ ആന്‍റി ഓക്‌സിഡന്‍റുകൾ ചർമ്മത്തിന് തിളക്കം നൽകുകയും യുവത്വം നിലനിർത്താൻ സഹായിക്കുമെന്ന് എൻഐഎച്ച് പറയുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും പപ്പായ ഏറെ ഗുണം ചെയ്യും. ചർമ്മ സംരക്ഷണത്തിനായി പപ്പായ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
പപ്പായ & തേൻ
നന്നായി പഴുത്ത പപ്പായ പേസ്‌റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് നാല് ടീസ്‌പൂൺ തേൻ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 15 മുതൽ 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കാൻ സഹായിക്കും. ഫ്രക്ടോസും ഗ്ലൂക്കോസും ചേർന്ന ഒരു സൂപ്പർ സൂപ്പർസാച്ചുറേറ്റഡ് ലായനിയാണ് തേൻ. പ്രോട്ടീൻ, അമിനോ ആസിഡ്, വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. മുറിവുകളും പൊള്ളലുകളും ഉണക്കാനും തേൻ സഹായിക്കും. ആൻ്റി ഏജിംഗ് ഏജൻ്റായും ഇത് പ്രവർത്തിക്കും. അതിനാൽ പപ്പായയും തേനും ചേർത്തുണ്ടാക്കുന്ന ഫേസ് പാക്ക് ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
പപ്പായ & തൈര്
തൈര് ശാരീരികാരോഗ്യത്തിനും ചർമ്മരോഗ്യത്തിനും ഒരുപോലെ ഉപയോഗപ്രദമാണെന്ന് എൻഐഎച്ച് പറയുന്നു. ഒരു പഴുത്ത പപ്പായ ഉടച്ച് അതിലേക്ക് രണ്ട് ടീസ്‌പൂൺ തൈര് ചേർക്കുക. ഇത് രണ്ടും നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ചർമ്മം മൃദുലവും മിനുസമാർന്നതുമായി നിലനിർത്തും.
പപ്പായ & അരിപൊടി
അര കപ്പ് പഴുത്ത പപ്പായ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്‌പൂൺ അരിപൊടി നന്നായി മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം. ഇത് ചർമ്മത്തിന്‍റെ നിറം വർധിപ്പിക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യും.
പപ്പായ & ചെറുനാരങ്ങ
നന്നായി പഴുത്ത അര കപ്പ് പപ്പായയിലേക്ക് ഒരു ടീസ്‌പൂൺ നാരങ്ങാനീര് ചേർക്കുക. ഇത് നല്ലപോലെ മിക്‌സ് ചെയ്യാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം. പപ്പായയിലേയും നാരങ്ങ നീരിലേയും എൻസൈമുകൾ ചർമ്മം ശുദ്ധീകരിക്കാനും മുഖക്കുരുവിന് കാരണമാകുന്ന സൂക്ഷ്‌മാണുക്കളെ ഇല്ലാതാക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : തണുപ്പ് കാലത്ത് ചുണ്ടുകൾ വരണ്ടു പൊട്ടാതെ സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ