മലയാളികളുടെ ഇഷ്‌ട വിഭവമാണ് സാമ്പാർ. ഇഡലി, ദോശ, ചോറ് എന്നിവയ്‌ക്കൊപ്പമെല്ലാം സാമ്പാറുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. പല ഇടങ്ങളിലും സാമ്പാർ ഉണ്ടാക്കുന്ന രീതിയും ചേരുവകളും വ്യത്യസ്‌തമാണ്. വരുത്തരച്ചതും അല്ലാതെയുമൊക്കെ വെറൈറ്റികളുണ്ട്. വളരെ രുചികരമായ മലബാർ സ്റ്റൈൽ വറുത്തരച്ച സാമ്പാർ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- തുവര പരിപ്പ് - 1/2 കപ്പ്
- ഉരുളക്കിഴങ്ങ് - 2 എണ്ണം
- മുരിങ്ങക്കായ - 1 എണ്ണം
- സവാള - 2 എണ്ണം
- ചെറിയുള്ളി - 8 എണ്ണം
- വെളുത്തുള്ളി - 12 എണ്ണം
- വെണ്ടക്ക - 100 ഗ്രാം
- തക്കാളി - 3 എണ്ണം
- വഴുതിന - 2
- കാരറ്റ് - 2
- പച്ചമുളക് - 5 എണ്ണം
- മല്ലിയില - 2 തണ്ട്
- കറിവേപ്പില - 5 തണ്ട്
- ഇഞ്ചി - ഒരു കഷ്‌ണം
- ഉലുവ - 2 നുള്ള്
- ജീരകം - 2 നുള്ള്
- കുരുമുളക് - 1/2 ടീസ്‌പൂൺ
- കായം - ചെറിയ കഷ്‌ണം
- മല്ലിപൊടി - 1 ടീസ്‌പൂൺ
- മുളക് പൊടി - 2 ടീസ്‌പൂൺ
- മഞ്ഞൾ പൊടി - 1 ടീസ്‌പൂൺ
- വാളൻപുളി - ചെറുനാങ്ങ വലുപ്പത്തിൽ (കുതിർത്തുവെക്കണം)
- തേങ്ങ (ചിരകിയത്) - ഒരു മുറി
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വറ്റൽ മുളക് - 4 എണ്ണം
- കടുക് - 1 ടീസ്‌പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തേങ്ങാ വറുത്തെടുക്കണം. അതിനായി ഒരു ചീന ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കായം വറുത്തെടുക്കാം. ശേഷം ചിരകിയ തേങ്ങ, ആറ് അല്ലി വെളുത്തുള്ളി, ചെറിയുള്ളി, ജീരകം, കുരുമുളക്, ഉലുവ, രണ്ട് തണ്ട് കറിവേപ്പില എന്നിവ ചേർത്ത് വറക്കുക. നല്ല തവിട്ട് നിറമായാൽ അടുപ്പിൽ നിന്ന് ഇറക്കിവയ്ക്കാം. നല്ലപോലെ തണുത്ത കഴിഞ്ഞാൽ മിക്‌സർ ജാറിലേക്കിട്ട് നന്നായി അരച്ചെടുക്കുക.
ശേഷം കഴുകി വൃത്തിയാക്കിയ പരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കാൻ വക്കുക. പകുതി വെന്തു കഴിയുമ്പോൾ ഇതിലേക്ക് സവാള, പച്ചമുളക്, കാരറ്റ്, ഉരുളക്കിഴങ്ങ്, ഇഞ്ചി, വെളുത്തുള്ളി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞ് ഒഴിക്കുക. ഇത് തിളച്ചു വരുമ്പോൾ മറ്റ് പച്ചക്കറികൾ കൂടി ചേർത്ത് വേവിക്കുക. ഇതിലേക്ക് അരച്ച് വച്ച തേങ്ങയും ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർക്കുക. അരപ്പ് കഷണങ്ങളിൽ പിടിച്ച് പാകമായാൽ മല്ലിയില ചേർത്ത് അടുപ്പിൽ നിന്നും മാറ്റം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറവിടാം. സ്വാദിഷ്‌ടമായ മലബാർ സ്റ്റൈൽ വറുത്തരച്ച സാമ്പാർ റെഡി.