ഇടുക്കി: കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിന് വേണ്ടി ഒന്നും ഇല്ല. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഒരു പരാമർശവും ഉണ്ടായിട്ടില്ല. വയനാട് പാക്കേജ് പോലും തന്നില്ല. വയനാട് തീവ്രദുരന്തമായി പ്രഖ്യാപിച്ചിട്ട് പോലും ആവശ്യപ്പെട്ട ഒരു തുകയും വയനാടിനായി പ്രഖ്യാപിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിനായുള്ള സഹായധനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പൂർണമായ അവഗണനയാണ് കേരളത്തോട് കാണിച്ചിരിക്കുന്നത്. നികുതിയിനത്തിൻ്റെ പരിധി ഉയർത്തി മധ്യവർഗ ബജറ്റാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയിട്ടുള്ള രാഷ്‌ട്രീയ പ്രഹസനം നടത്തിയിട്ടുണ്ട്. അല്ലാതെ ആഴത്തിലുള്ള ഒരു സമീപനമില്ല. പുതിയ സർവേ പ്രകാരം സാമ്പത്തിക പുരോഗതി താഴേക്ക് പോകുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തിൻ്റെ ആവശ്യം എന്താണെന്ന് മനസിലാക്കാതെ രാഷ്ട്രീയപരമായ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമം മാത്രമാണ് ഈ ബജറ്റ്. കാർഷിക മേഖലയോട് ഒരു അനുകൂല സമീപനവും ബജറ്റിൽ ഇല്ല. ബജറ്റ് ഇങ്ങനെ ആയാൽ സംസ്‌ഥാനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാകും. ബിജെപി അനുകൂല സംസ്‌ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചതെന്നും വി ഡി സതീശൻ ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു.