മൈസൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്‍റെ വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്. ഇന്‍ഫ്ലുവന്‍സറായ പ്രശാന്ത് സംബർഗിയ്‌ക്ക് എതിരെ ലക്ഷ്‌മിപുരം പൊലീസിലാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്.
എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പിനൊപ്പം പ്രചരിപ്പിച്ചത് തന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രശസ്‌തിക്ക് ഹാനി വരുത്താൻ ഉദ്ദേശിച്ചുള്ള വ്യാജരേഖ ചമയ്ക്കൽ ഉള്‍പ്പെടുന്ന ബിഎൻഎസ് 2023-ലെ സെക്ഷൻ 336(4) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതി നല്‍കിയ ശേഷം പൊലീസ് സ്റ്റേഷന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നതിനും എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കം ദുരുപയോഗം ചെയ്യുന്നതിനെ പ്രകാശ് രാജ് അപലപിച്ചു. ജനങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം മഹാ കുംഭമേള പോലുള്ള മതപരമായ ഇടങ്ങളെ രാഷ്‌ട്രീയവൽക്കരിക്കരുതെന്നും ആവശ്യപ്പെട്ടു.
"ഇത് എന്‍റെ മാത്രം പോരാട്ടമല്ല. വ്യാജ വാർത്തകളുടെ ഭീഷണിയാൽ അസ്വസ്ഥരായ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇതിനെ ചെറുക്കാന്‍ ശക്തമായ നിയമം ആവശ്യമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്"- പ്രകാശ് രാജ് പറഞ്ഞു.
പരാതി സമർപ്പിക്കുന്നതിന് മുമ്പ് മൈസൂരു സിറ്റി പൊലീസ് കമ്മീഷണർ സീമ ലട്‌കറുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നും പ്രകാശ് രാജ് സ്ഥിരീകരിച്ചു. അതേസമയം പ്രകാശ് രാജ് കുംഭമേളയില്‍ സ്‌നാനം ചെയ്യുന്ന തരത്തിലുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്‍റെ രാഷ്‌ട്രീയ നിലപാടുകളാല്‍ വാർത്തകളിൽ എന്നും ഇടം പിടിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്. ദൈവത്തിൽ താന്‍ വിശ്വസിക്കുന്നില്ലെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.