ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'ലക്കി ഭാസ്‌കര്‍' ആഗോളതലത്തില്‍ 109 കോടി രൂപ മുകളില്‍ കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാലാം വാരത്തിലും മികച്ച ബുക്കിങ് ആണ് കേരളം, തമിഴ്‌നാട്, തെലുഗാന സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്‌ത ലക്കി ഭാസ്‌കര്‍ ഒരേ സമയം തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് റീലീസ് ചെയ്‌തത്.
ലക്കി ഭാസ്‌കര്‍ ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. കേരളത്തില്‍ മാത്രം 20 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ഈ ചിത്രം തമിഴ്നാട്ടിലും ബ്ലോക്ക്ബസ്‌റ്റര്‍ വിജയമാണ് നേടുന്നത്.സിനിമ റിലീസായി ഇരുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്‌നാട്ടില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 15.95 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സോളോ ഹീറോ ആയി അന്യഭാഷ ചിത്രത്തിലൂടെ തമിഴ്‌നാട്ടില്‍ ആദ്യമായി 15 കോടിക്ക് മുകളില്‍ നേടുന്ന മലയാള താരമായി ഇതോടെ ദുല്‍ഖര്‍ മാറി. കര്‍ണാടകയില്‍ 6.66 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി. തെലുഗാന സംസ്ഥാനങ്ങളില്‍ നിന്ന് 35. 67 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രത്തിന് 68.45 കോടി രൂപയ്ക്ക് മുകളില്‍ നേടാന്‍ സാധിച്ചു. സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവയുടെ റിലീസ് ലക്കി ഭാസ്‌കറിന്‍റെ ബോക്‌സ് ഓഫീസ് കുതിപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു നിർമാതാക്കൾ. എന്നാൽ, അതൊന്നും ലക്കി ഭാസ്കറിന്‍റെ കളക്ഷനെ ബാധിച്ചിട്ടില്ല. ലക്കി ഭാസ്‍കര്‍ നാലാം ആഴ്‌ചയിലും കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് 125ഓളം സ്‍ക്രീനുകളില്‍ ആണ്.
ലക്കി ഭാസ്‌കര്‍ ഒടിടിയില്‍
ചിത്രത്തിന്‍റെ ഒടിടി റിലീസിനായും പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. നെറ്റ്ഫ്ലിക്സിലൂടെ നവംബർ 28 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. 30 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഒടിടി ഡീൽ നെറ്റ്ഫ്ലിക്‌സ് ഉറപ്പിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തെലുഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വെഫേറർ ഫിലിംസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തെലുഗില്‍ ലക്കി ഭാസ്‌കറിന്‍റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
ദീപാവലി റിലീസായി ഒക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്‌തത്.
പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രത്തില്‍ ദുൽഖറിനൊപ്പം മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. പതിനാല് മാസത്തിന് ശേഷം ദുല്‍ഖറിന്‍റേതായി റിലീസ് ചെയ്‌ത ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്‌കര്‍.
അതേസമയം, കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. നഹാസ് ഹിദായത്ത്, സൗബിൻ ഷാഹിർ എന്നിവർ സംവിധാനം ചെയ്യുന്ന സിനിമയിലാകും താൻ അടുത്ത് അഭിനയിക്കുകയെന്ന് നേരത്തെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. ‘ഓതിരം കടകം' എന്നൊരു സിനിമ സൗബിൻ- ദുൽഖർ കോമ്പോയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ‘പറവ‘ക്ക് ശേഷം സൗബിനും ദുൽഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.