തിരുവനന്തപുരം : ക്യാന്‍സര്‍ രോഗം കണ്ടെത്താനുള്ള ബയോസ്‌പി വേദനാജനകമാണ്. ക്യാന്‍സര്‍ പടര്‍ന്നുവെന്ന് സംശയിക്കുന്ന ഭാഗത്തു സൂചി കുത്തിയിറക്കിയാണ് സെല്ലുകളുടെ സാമ്പിള്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി ശേഖരിക്കുന്നത്. മാരക രോഗം സ്ഥിരീകരിച്ച ശേഷം പലരും ആത്മഹത്യ ചെയ്‌ത വാര്‍ത്തകള്‍ നാം കേള്‍ക്കുന്നത് രോഗ നിര്‍ണ്ണയ ഘട്ടത്തില്‍ തന്നെ രോഗി നേരിടുന്ന വേദന കാരണമെന്നാണ് അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷക വിദ്യാര്‍ഥി അരവിന്ദ് പറയുന്നത്.
തിരുവനന്തപുരം, വഴുതക്കാട് വുമണ്‍സ് കോളജില്‍ നടന്ന സയന്‍സ് സ്ലാം എന്ന പരിപാടിയിലാണ് കാണികളെ കൈയിലെടുക്കുന്ന അവതരണ ശൈലിയുമായി അരവിന്ദ് തന്‍റെ ഗവേഷണ വിഷയം വിശദീകരിച്ചത്. ക്യാന്‍സറിനെ തുപ്പി കണ്ടെത്താമെന്നാണ് അരവിന്ദിന്‍റെ വാദം. വെറുതെ വാദിക്കുക മാത്രമല്ല അതിനുള്ള ശാസ്ത്രീയ വഴിയും അരവിന്ദ് വിശദീകരിക്കുന്നു.
പെറോസ്‌കൈറ്റ്, ഡബിള്‍ പെറൊസ്‌കൈറ്റ് എന്നീ ധാതുക്കളാണ് ഇവിടെ നായകന്മാര്‍. അസാമാന്യമായ സ്വഭാവമുള്ള ഈ ധാതുക്കള്‍ രോഗനിര്‍ണയത്തിലും വൈദ്യുതി ഉപയോഗത്തിലും ഒരുപോലെ ഉപകാരപ്പെടുന്നു. ഇതുപയോഗിച്ചു ബയോ സെന്‍സറുകള്‍ നിര്‍മ്മിക്കുന്നതാണ് ഈ ഗവേഷണത്തിന്‍റെ ആദ്യ പടി. ഡബിള്‍ പെറോസ്‌കൈറ്റ് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബയോ സെന്‍സര്‍ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം വളരെയെളുപ്പമാക്കും.
ക്യാന്‍സര്‍ രോഗിയായ ഒരാളുടെയും രോഗമില്ലാത്തയാളുടെയും ഉമിനീരിലെ എന്‍സൈമുകളുടെ താപനില വ്യത്യസ്‌തമായിരിക്കും. ഇതു ഡബിള്‍ പെറോസ്‌കൈറ്റ് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബയോ സെന്‍സറുകള്‍ക്ക് തിരിച്ചറിയാനാകും. ഉമിനീരിലെ എന്‍സൈമുകള്‍ ഡബിള്‍ പെറോസ്‌കൈറ്റ് ബയോ സെന്‍സറുകളില്‍ ക്വാണ്ടം ടണലിംഗ് ആരംഭിക്കും. തെര്‍മോ ഇലക്ട്രിക് സെന്‍സിംഗ് എന്ന പ്രക്രിയയാണ് ഇവിടെയും നടക്കുന്നത്. താപനിലയെ സെന്‍സ് ചെയ്‌ത് ഇലക്ട്രിക് സിഗ്നലുകളാക്കി മാറ്റി തിരിച്ചറിയുന്ന രീതിയാണിത്. ഇതിലൂടെ രോഗ നിര്‍ണ്ണയം സാധ്യമാണെന്നും അരവിന്ദ് വിശദീകരിക്കുന്നു.
Also Read : ക്യാൻസർ ട്യൂമർ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ: മെഡിക്കൽ രംഗത്തും എഐ ഇഫക്‌ട്