ദീപാവലി ആഘോഷങ്ങൾക്കായി നാട് ഒരുങ്ങി കഴിഞ്ഞു. ദീപാവലി ദിവസം വർണ്ണാഭമാക്കാൻ എപ്പോഴത്തെയും പോലെ ഇത്തവണയും പടക്ക വിപണി നേരത്തെ തന്നെ സജീവമാണ്. വിളക്കുകൾ തെളിയിച്ചും പടക്കങ്ങൾ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഒരു ചെറിയ അശ്രദ്ധ പോലും വലിയ ആപത്ത് വിളിച്ചു വരുത്തും. അശ്രദ്ധമായി പടക്കങ്ങൾ പൊട്ടിക്കുന്നതും വിളക്കുകൾ കത്തിക്കുന്നതും കാരണം നിരവധി പേർക്ക് ദീപാവലി ദിവസം പൊള്ളലേൽക്കാറുണ്ട്. അതിനാൽ ചില മുൻകരുതലുകൾ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അപകടം ഒഴിവാക്കാനും തീവ്രത കുറയ്ക്കാനും ഇത് സഹായിക്കും. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.
പൊള്ളലേറ്റാൽ ആദ്യം പ്രഥമ ശുശ്രൂഷ നൽകേണ്ടത് അത്യാവശ്യമാണ്. അതിനാൽ പ്രഥമ ശുശ്രൂഷയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം. കൂടാതെ ആൻ്റിസെപ്റ്റിക് ക്രീം, ബാൻഡേജുകൾ, അണുവിമുക്തമാക്കിയ ബാൻഡേജുകൾ തുടങ്ങീ പൊള്ളലേറ്റാൽ ചികിത്സിക്കാൻ ആവശ്യമായതെല്ലാം കരുതിയിരിക്കണം.
പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത്
- പൊള്ളലേറ്റാൽ ആദ്യം നല്ല തണുത്ത വെള്ളത്തിൽ കഴുക. ഇങ്ങനെ ചെയ്യുന്നത് വേദനയ്ക്ക് ആശ്വാസം നൽകുകയും പൊള്ളലേറ്റ ഭാഗത്ത് പോളയിടുന്നത് തടയാനും സഹായിക്കും.
- പൊള്ളലേറ്റ ഭാഗം കൈകൊണ്ട് സ്‌പർശിക്കാൻ പാടില്ല.
- കറ്റാർ വാഴ ജെൽ പുരട്ടുന്നത് പൊള്ളലേറ്റ ഭാഗം കുമിള ഉണ്ടാകുന്നത് തടയാനും വേദനയ്ക്ക് ആശ്വാസം നൽകാനും വളരെയധികം ഗുണം ചെയ്യും.
- പൊള്ളിയ ഭാഗത്ത് മരുന്നുകളോ തണുപ്പിനായി പേസ്‌റ്റുപോലുള്ള വസ്‌തുക്കളോ പുരട്ടരുത്.
- പൊള്ളലേറ്റ ഭഗത്ത് ആൻ്റിസെപ്റ്റിക് ക്രീം പുരട്ടുക. ഇത് അണുബാധ തടയാൻ ഗുണം ചെയ്യും.
- പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്‌തുക്കൾ എടുക്കാൻ ശ്രമിക്കരുത്
- ഗുരുതരമായി പൊള്ളലേറ്റാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണം.