എറണാകുളം : ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്‌ക്ക് (ഐകെജിഎസ്) ഇന്ന് കൊച്ചിയിൽ തുടക്കം. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കും. വിദേശ പ്രതിനിധികളടക്കം 3000 പേര്‍ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളം നിക്ഷേപ സൗഹൃദമാണന്ന് രാജ്യത്തെയും ലോകത്തെയും ബോധ്യപ്പെടുത്തുക. വ്യവസായമുൾപ്പടെ വിവിധ സംരംഭക മേഖലകളിൽ പുതിയ നിക്ഷേപമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. വിവിധ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ മുൻകൈയെടുത്താണ് ഇൻവസ്റ്റ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകൾ:
എഐ ആൻഡ് റോബോട്ടിക്‌സ്, എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, ലോജിസ്റ്റിക്‌സ്, മാരിടൈം ആൻഡ് പാക്കേജിങ്, ഫാർമ-മെഡിക്കൽ ഉപകരണങ്ങൾ - ബയോടെക്, പുനരുപയോഗ ഊർജം, ആയുർവേദം, ഫുഡ്‌ടെക്, മൂല്യവർധിത റബർ ഉത്‌പന്നങ്ങൾ, ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി, മാലിന്യസംസ്‌കരണം-നിയന്ത്രണം എന്നിവയാണ് ഇൻവസ്റ്റ് കേരളയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലകൾ. രണ്ട് ദിവസങ്ങളിലായി മുപ്പതോളം സെഷനുകളാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ നടക്കുക
സഹകരണവുമായി വിദേശ രാജ്യങ്ങൾ:
ജർമ്മനി, വിയറ്റ്നാം, നോർവേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ ആറ് രാജ്യങ്ങൾ ഇൻവസ്റ്റ് കേരളയുടെ കൺട്രി പങ്കാളികളാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്‌ചകൾ നടക്കും.
ആഗോള നിക്ഷേപ സംഗമവും മുന്നൊരുക്കവും:
മൂന്ന് വർഷത്തെ തയാറെടുപ്പുകൾക്ക് ശേഷമാണ് സംസ്ഥാനത്തിൻ്റെ വികസന സാധ്യതകൾ ആഗോള നിക്ഷേപക സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന് വേദിയാകുന്നത്.