ന്യൂഡല്‍ഹി:കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ പുതിയ SARS-Cov-2 കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഏഷ്യയിലെ ആദ്യ മൂന്ന് രാജ്യങ്ങൾ ഇന്ത്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവയാണെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട് അധികൃതര്‍ സമാഹരിച്ച ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 2,659 പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു, ഇത് മുൻ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വർധിച്ചെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. 11 രാജ്യങ്ങളിൽ രണ്ടെണ്ണത്തിൽ പുതിയ കേസുകളിൽ 20 ശതമാനമോ അതിൽ കൂടുതലോ വർധനവ് റിപ്പോർട്ട് ചെയ്‌തു.
ഏറ്റവും ഉയർന്ന ആനുപാതിക വർധനവ് ഇന്തോനേഷ്യയിലും തായ്‌ലൻഡിലുമാണ്. ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത് തായ്‌ലൻഡിൽ നിന്നാണ്, 2,014 പുതിയ കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്‌തതെന്നും, ഇന്ത്യയിൽ നിന്ന് 398 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതെന്നും WHO പറഞ്ഞു. ഒക്‌ടോബർ 14 മുതൽ നവംബർ 10 വരെയുള്ള കാലയളവിലെ കൊവിഡ് കേസുകളിലെ വര്‍ധനവ് പ്രകാരമാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.