കേരളം

kerala

ETV Bharat / international

അമേരിക്കയില്‍ ഇനി ആര്‌ വാഴും? വോട്ടെടുപ്പ് ആരംഭിച്ചു, ആദ്യ ഫല സൂചനകള്‍ പുറത്ത് - US PRESIDENTIAL ELECTION 2024

ന്യൂയോർക്കും വിർജീനിയയും ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ പോളിങ് ആരംഭിച്ചു

US PRESIDENTIAL ELECTION 2024  TRUMP KAMALA HARRIS  അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  VOTING BEGINS
US Presidential Election 2024: Donald Trump Vs Kamala Harris (Etv Bharat)

By ETV Bharat Kerala Team

Published : Nov 5, 2024, 5:50 PM IST

വാഷിങ്‌ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ന്യൂയോർക്കും വിർജീനിയയും ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ പോളിങ് ആരംഭിച്ചിട്ടുണ്ട്. കണക്റ്റിക്കട്ട്, ന്യൂജേഴ്‌സി, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള ആദ്യ ബാലറ്റ് ന്യൂ ഹാംഷെയറിൽ രേഖപ്പെടുത്തി.

ആദ്യ ഫല സൂചനകള്‍ പ്രകാരം ഡിക്‌സ്‌വില്ലെ നോച്ചിലെ ന്യൂ ഹാംഷെയർ കമ്മ്യൂണിറ്റിയിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും മൂന്ന് വോട്ടുകൾ വീതം നേടി. തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ സര്‍വേ പുറത്തുവിട്ടിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

യോഗ്യരായ 230 ദശലക്ഷം വോട്ടർമാരാണ് അമേരിക്കയിലുള്ളത്, അതിൽ 160 ദശലക്ഷം പേർ മാത്രമാണ് വോട്ടെടുപ്പിന് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 70 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ തപാൽ ബാലറ്റുകൾ വഴിയോ വ്യക്തിഗത പോളിങ് സ്‌റ്റേഷനുകളിലോ വോട്ട് ചെയ്‌തു.

ഇന്ത്യൻ സമയം നാളെ രാവിലെ 5.30നും 9.30നും ഇടയിൽ പോളിങ് അവസാനിക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്പേ എക്‌സിറ്റ് പോളുകള്‍ പുറത്തുവിടും. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞാലേ ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടൂ. ഇതിനു മുമ്പ് തന്നെ ആരാണ് വിജയിയെന്ന കാര്യത്തില്‍ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ സൂചനകള്‍ നല്‍കും.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇലക്‌ടറല്‍ കോളജില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാളാണ് ജയിക്കുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കി അമേരിക്കയിലെ 50 സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത ഇലക്‌ടറല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിക്കുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്‌ടറല്‍ വോട്ടുകളും ലഭിക്കും. ആകെ 538 ഇലക്‌ടറല്‍ വോട്ടുകളാണുള്ളത്. അമേരിക്കൻ പ്രസിഡന്‍റ് ആകാൻ 270 ഇലക്‌ടറല്‍ വോട്ടുകളാണ് വേണ്ടത്.

Read Also:അമേരിക്ക ആർക്കൊപ്പം? യുഎസ് ജനത വിധിയെഴുതുമ്പോൾ ഉറ്റുനോക്കി ലോകം

ABOUT THE AUTHOR

...view details