ന്യൂയോർക്ക് : കലാവസ്ഥ വ്യതിയാനം തടയുന്നതിനും ശുദ്ധവായു നിലനിര്‍ത്തുന്നതിനും വേണ്ടി നിക്ഷേപം നടത്താന്‍ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ട് അൻ്റോണിയോ ഗുട്ടെറസ്. സെപ്‌റ്റംബർ ഏഴിന് ആചരിക്കാന്‍ പോകുന്ന അന്താരാഷ്‌ട്ര ശുദ്ധവായു ദിനത്തിന്‍റെ സന്ദേശമാണ് യുഎൻ മേധാവി ലോക രാജ്യങ്ങളെ അറിയിച്ചത്. 99 ശതമാനം മനുഷ്യരും മലിനമായ വായു ആണ് ശ്വസിക്കുന്നത് എന്ന് യുഎന്‍ മേധാവി പറഞ്ഞു.
മലിനമായ വായു ശ്വസിക്കുന്നതിന്‍റെ ഭാഗമായി ഏകദേശം എട്ട് ദശലക്ഷം അകാല മരണങ്ങളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍ അഞ്ച് വയസില്‍ താഴെയുള്ള 700,000ത്തില്‍ അധികം കുട്ടികളും ഉള്‍പ്പെടുന്നു എന്ന് ഗുട്ടെറസ് പറഞ്ഞു. മലിനീകരണത്തിന്‍റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും അധികം അനുഭവിക്കേണ്ടി വരുന്നത് സമൂഹത്തിലെ ദുർബല വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളും പ്രായമായവരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മലിനീകരണം സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. മലിനീകരണം ഒരു നിശബ്‌ദ കൊലയാളിയാണ്. അതിനെ തടയേണ്ടത് അത്യാവശ്യമാണെന്നും യുഎൻ മേധാവി പറഞ്ഞു. സര്‍ക്കാരും വ്യവസായ സ്ഥാപനങ്ങളും മലിനീകരണം തടയുന്നതിന് വേണ്ടി സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.