കൊളംബോ:ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരത്തിലേറി. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എൻപിപി) സഖ്യത്തിന്‍റെ മന്ത്രിസഭയ്‌ക്ക് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് അനുര കുമാര ദിസനായകെ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി ദ്വീപ് ഭരണകൂടം പുതിയ ക്യാബിനറ്റിനെ പ്രഖ്യാപിച്ചത്.
പുതിയ സര്‍ക്കാരിലും പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ വീണ്ടും അധികാരത്തിലെത്തി. പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഹരിണി അമരസൂര്യയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും ഹരിണി ഏറ്റെടുക്കും. വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന സരോജ സാവിത്രി പോൾരാജാണ് ക്യാബിനെറ്റിലെ മറ്റൊരു സ്ത്രീ പ്രാതിനിധ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭരണഘടന പ്രകാരം ലങ്കൻ ക്യാബിനെറ്റില്‍ 30 അംഗങ്ങളെ നിയമിക്കാനാണ് വ്യവസ്ഥയുള്ളത്. ശ്രീലങ്കയിലെ പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നവരില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. പുതുമുഖങ്ങളില്‍ അഞ്ച് പേരും പ്രൊഫസര്‍മാരാണ്. ഇവര്‍ക്കൊപ്പം 2000 മുതല്‍ ക്യാബിനെറ്റില്‍ വിവിധ വകുപ്പുകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുള്ള എട്ട് പേരും പ്രവര്‍ത്തിക്കും. ധന, പ്രതിരോധ വകുപ്പുകള്‍ പ്രസിഡന്‍റ് ദിസനായകെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെ മൂന്ന് മന്ത്രിമാരുമായിട്ടാണ് ശ്രീലങ്കൻ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായിട്ടായിരുന്നു അന്ന് ഇത്തരത്തില്‍ ഒരു നീക്കം. എന്നാല്‍, ഇത്തവണ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 21 ആക്കി ഉയര്‍ത്തിക്കൊണ്ടാണ് ലങ്കൻ ഭരണകൂടം അധികാരത്തിലേറിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും പിന്നാലെ ലങ്കൻ ജനത ഇടതുപക്ഷത്തിന് അവസരം നല്‍കുകയായിരുന്നു. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയിലെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്‍റെന്ന ബഹുമതിയോടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു.
Also Read :ശ്രീലങ്കയിൽ വീണ്ടും ഇടത് തരംഗം; ആരാണ് ശ്രീലങ്കയെ ചുവപ്പിച്ച ദിസനായകെ...?