സിംഗപ്പൂർ: കഴിഞ്ഞ മാസം വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞതിനെത്തുടർന്ന് പരിക്കേറ്റ യാത്രക്കാർക്ക് സിംഗപ്പൂർ എയർലൈൻസ് 10,000 യുഎസ് ഡോളർ നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌തു. മെയ് 20 ന് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്‌ക്യു 321 വിമാനം മ്യാൻമറിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം അഞ്ചുമിനിറ്റിനുള്ളിൽ 31,000 അടിയിലേക്കു താഴ്‌ന്നപ്പോഴാണ് ഉലച്ചിലുണ്ടായത്. യാത്രക്കാർക്ക് നഷ്‌ടപരിഹാര ഓഫറുകൾ അയച്ചതായി ചൊവ്വാഴ്‌ച (ജൂൺ 11) എയർലൈൻസ് അറിയിച്ചു.
സംഭവസമയത്ത് 73 വയസുള്ള ഒരു ബ്രിട്ടീഷുകാരൻ മരിച്ചു. ഒരുപക്ഷേ ഹൃദയാഘാതം മൂലമാകാം അദ്ദേഹം മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഹീത്രോ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ബോയിങ് 777-300 ER ബാങ്കോക്കിലേക്ക് അടിയന്തര ലാൻഡിങിനായി വഴിതിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 211 യാത്രക്കാരും 18 ജീവനക്കാരും ഉൾപ്പെടെ 104 പേർക്ക് പരിക്കേറ്റിരുന്നു.
നിസാരമായ പരിക്കേറ്റവർക്ക് 10,000 യുഎസ് ഡോളർ നഷ്‌ടപരിഹാരം അയച്ചുവെന്നും കൂടുതൽ ഗുരുതരമായ പരിക്കുകൾക്കുള്ള വലിയ തുകകൾ ആ യാത്രക്കാരുമായി ചർച്ച ചെയ്‌തതിന് ശേഷം അവർക്ക് നൽകുമെന്നും എയർലൈൻ അറിയിച്ചു.
"ഗുരുതരമായ പരിക്കുകൾ ഏറ്റതായി കണ്ടെത്തുന്ന യാത്രക്കാർക്ക് ദീർഘകാല വൈദ്യസഹായം ആവശ്യമാണെന്നും സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നതിലും അവരുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് 25,000 യുഎസ് ഡോളർ മുൻകൂറായി വാഗ്‌ദാനം ചെയ്യുന്നു," എന്നും എയർലൈൻ പറഞ്ഞു.