കണ്ണൂര്‍: ലോക സഹകരണ വാര്‍ഷികത്തിന്‍റെ പുതുച്ചേരി സംസ്ഥാനതല ആഘോഷത്തിന് മാഹി സാക്ഷിയാകുമ്പോള്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ വിജയഗാഥയാണ് പറയാനുള്ളത്. സംഘടിച്ച്, സഹകരിച്ച് മയ്യഴിയില്‍ 45ല്‍ ഏറെ സഹകരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കേവലം 9 ചതുശ്ര കിലോമീറ്റര്‍ മാത്രം വരുന്ന, പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിയില്‍ത്തന്നെ സംസ്ഥാന തല ആഘോഷം നടത്താനുള്ള കാരണമിതാണ്.
സഹകരണ സംഘങ്ങളുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ പോലും ഇത്രയും ചെറിയ സ്ഥലത്ത് നാലോ അഞ്ചോ സഹകരണ സ്ഥാപനങ്ങള്‍ മാത്രമേ കാണൂ. എന്നാല്‍ വിവിധ മേഖലകളില്‍ കാര്യമായ സര്‍ക്കാര്‍ സഹായമില്ലാതെയാണ് മാഹിയിലെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാഹി കോ. ഓപ്പറേറ്റീവ് കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, കോ. ഓപ്പറേറ്റീവ് കോളജ് ഓഫ് ഹയര്‍ എജുക്കേഷന്‍ ആന്‍റ് ടെക്‌നോളജി, മാഹി ട്രാന്‍സ്‌പോര്‍ട്ട് കോ. ഓപ്പറേറ്റ് സൊസൈറ്റി, മാഹി സര്‍വീസ് ക്രെഡിറ്റ് സൊസൈറ്റി, മാഹി അര്‍ബന്‍ കോ. ഓപ്പറേറ്റ് സൊസൈറ്റി, മാഹി സര്‍വീസ് കോ. ഓപ്പറേറ്റീവ് ബാങ്ക് എന്നിവ ഉദാഹരണമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരോഗ്യ-വിദ്യാഭ്യാസ-ബാങ്കിങ് മേഖലകളിലായി നിരവധി സഹകരണ സംഘങ്ങള്‍ പ്രശസ്‌തമായ നിലയില്‍ തന്നെ മാഹിയില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ തന്നെ 22 ലേറെ സംഘങ്ങള്‍ പ്രവര്‍ത്തന മികവില്‍ സ്ഥാനം പിടിക്കുമ്പോള്‍ ശേഷിക്കുന്നവ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് കുതിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാഹിയില്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ ഇ. വത്സരാജാണ്.
ഈ മാസം 19-ാം തീയതി മാഹി ഇ. വത്സരാജ് സില്‍വര്‍ ജൂബിലി ഹാളില്‍ മുഖ്യമന്ത്രി എന്‍. രംഗസാമി സഹകരണ വാര്‍ഷികാഘോഷത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിക്കും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ. വത്സരാജ് അദ്ധ്യക്ഷനായിരിക്കും.
പുതുച്ചേരി നിയമസഭാ സ്‌പീക്കര്‍ ആര്‍. സെല്‍വം, കൃഷി മന്ത്രി സി.ഡിജെ കൗമര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ പി. രാജവേലു, മാഹി എം.എല്‍.എ രമേശ് പറമ്പത്ത്, പുതുച്ചേരി സഹകരണ വകുപ്പ് സെക്രട്ടറി ജയന്തകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.