മോസ്‌കോ : റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ മരണം സ്ഥിരീകരിച്ച് വക്താവ് കിര യാർമിഷ് (Russian Opposition Leader Alexei Navalny). പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ കടുത്ത വിമർശകനും അഴിമതിക്കെതിരെ പോരാടുകയും ക്രെംലിൻ വിരുദ്ധ പ്രക്ഷോഭം നയിക്കുകയും ചെയ്‌ത നേതാവ് അലക്‌സി നവാൽനി ഫെബ്രുവരി 16 നാണ് മരണപ്പെട്ടത്. തീവ്രവാദ പ്രവര്‍ത്തനം ആരോപിക്കപ്പെട്ട് തടവില്‍ കഴിയവെയാണ് മരണം.
മരണം സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഉടൻ കുടുംബത്തിന് വിട്ടുകൊടുക്കണമെന്നും നടപടി വൈകിപ്പിക്കാൻ റഷ്യൻ ഉദ്യോഗസ്ഥർ കള്ളം പറയുകയാണെന്നും കിര യാർമിഷ് ആരോപിച്ചു. ജയിലിൽ നടക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബോധരഹിതനായി മരിച്ചുവെന്ന് റഷ്യൻ ജയിൽ അധികൃതര്‍ പറഞ്ഞതിന് പിന്നാലെ മരണകാരണം വ്യക്തമല്ലെന്ന പ്രസ്‌താവനയുമായി കിര യാർമിഷ് രംഗത്തെത്തിയിരുന്നു.
അലക്‌സി നവാൽനി കൊല്ലപ്പെട്ടതായും അദ്ദേഹത്തിന്‍റെ മരണം ഫെബ്രുവരി 16 ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:17 ന് സ്ഥിരീകരിച്ചതായും അലക്‌സിയുടെ അമ്മയ്ക്ക് ലഭിച്ച ഔദ്യോഗിക സന്ദേശത്തില്‍ പറയുന്നതായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റിൽ കിര യാർമിഷ് പറഞ്ഞു. നവാൽനിയുടെ മൃതദേഹം കുടുംബത്തിന് കൈമാറണമെന്നും മൃതദേഹം എവിടെയാണെന്ന് വ്യക്തമല്ലെന്നും യാർമിഷ് കൂട്ടിച്ചേർത്തു.
മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം സ്വീകരിക്കാൻ നവാൽനിയുടെ അമ്മയും അഭിഭാഷകനും ശനിയാഴ്‌ച റഷ്യൻ പ്രതിപക്ഷ നേതാവിനെ പാർപ്പിച്ചിരിക്കുന്ന പീനൽ കോളനിയിലേക്ക് പോയതായി യാർമിഷ് പറഞ്ഞു. മൃതദേഹം കാണാനാകാത്തതിനെ തുടര്‍ന്ന് നവൽനിയുടെ അമ്മയും അഭിഭാഷകനും സലേഖർഡ് നഗരം സന്ദർശിച്ചു എന്നാൽ, മോർച്ചറിയിൽ എത്തിയപ്പോൾ മൃതദേഹം ഇല്ലെന്നറിയുകയായിരുന്നു.