എറണാകുളം: ചോറ്റാനിക്കരയില്‍ പോക്സോ കേസ് അതിജീവിതയെ വീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 19 കാരി നേരിട്ടത് ക്രൂരമർദ്ദനവും ലൈംഗിക പീഡനവുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയും സുഹൃത്തുമായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ചുറ്റിക ഉപയോഗിച്ചാണ് പ്രതി അനൂപ് യുവതിയെ മർദ്ദിച്ചതെന്നാണ് വിവരം. പീഡനവും മർദ്ദനവും സഹിക്കാനാവാതെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫാനില്‍ കുരുക്കിടുകയായിരുന്നു. 'പോയി ചത്തോ' എന്നായിരുന്നു അനൂപിന്റെ പ്രതികരണം. തുടർന്ന് യുവതി ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
എന്നാല്‍ തൂങ്ങിയ പെണ്‍കുട്ടി മരണവെപ്രാളത്തില്‍ പിടയുന്നത് കണ്ടപ്പോള്‍ അനൂപ് തന്നെയാണ് ഷാള്‍ മുറിച്ച് താഴെയിട്ടത്. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തിപിടിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചുവെന്ന് കരുതിയാണ് അനൂപ് അവിടെ നിന്നിറങ്ങിയത്. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാത്തതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, പ്രതി യുവതിയെ മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക തെളിവെടുപ്പിനിടെ കണ്ടെത്തിയതായി ചോറ്റാനിക്കര സിഐ മനോജ് വ്യക്തമാക്കി. ദേഹമാസകലം ഈ ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. കഴുത്തിൽ കുരുക്കിയ ഷാൾ, പെൺകുട്ടിയുടെ വസ്ത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയില്‍ തുടരുന്ന 19കാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ജീവന് നിലനിര്‍ത്തുന്നത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഞായറാഴ്ചയാണ് ചോറ്റാനിക്കരയിലെ വീട്ടിൽ യുവതിയെ അർധനഗ്നയായി അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ സുഹൃത്തായ തലയോല പറമ്പ് സ്വദേശിയായ അനൂപാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനും ലൈംഗിക പീഡനത്തിനും പൊലീസ് കേസെടുത്തു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ചോറ്റാനിക്കര സ്വദേശികളുടെ ദത്തുപുത്രിയായ പെൺകുട്ടി മൂന്ന് വർഷം മുമ്പാണ് ലൈംഗിക പീഡനത്തിനിരയായത്. പെൺകുട്ടിയുടെ വളർത്തച്ഛൻ മരണപ്പെട്ടിരുന്നു. അമ്മയോടെപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് തലയോലപറമ്പ് സ്വദേശിയായ അനൂപ് പ്രണയത്തിലായത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലായത്. ആ അടുപ്പം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ബന്ധത്തില്‍ പെണ്‍കുട്ടിയുടെ അമ്മ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനൂപ് മിക്കപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. മണിക്കൂറുകളോളം വീട്ടില്‍ ചെലവഴിക്കും. ലഹരിക്കടിയയായ ഇയാള്‍ പെണ്‍കുട്ടിക്കും ലഹരി നല്‍കിയിരുന്നതായി വിവരമുണ്ട്.
Also Read: പോക്സോ കേസ് അതിജീവിതയെ അബോധാവസ്ഥയിൽ കണ്ടെത്തി; ആൺ സുഹൃത്ത് പിടിയിൽ