ഗാസ: അടുത്ത ആഴ്‌ച തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്‌ച നടത്താൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി നെതന്യാഹു ചൊവ്വാഴ്‌ച അറിയിച്ചു. ട്രംപ് രണ്ടാം തവണ അമേരിക്കൻ പ്രസിഡന്‍റ് ആയതിന് ശേഷം വൈറ്റ്ഹൗസിലെത്തുന്ന ആദ്യ വിദേശ നേതാവായി നെതന്യാഹു മാറും.
'ഇസ്രയേലിലും അയല്‍ രാജ്യങ്ങളിലും സമാധാനം കൊണ്ടുവരാനും തങ്ങളുടെ പൊതുശത്രുക്കളെ എങ്ങനെ നേരിടാമെന്ന് ചര്‍ച്ച ചെയ്യാനും ട്രംപ് ആഗ്രഹിക്കുന്നു' എന്ന വൈറ്റ് ഹൗസിന്‍റെ കത്താണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തുവിട്ടത്. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്‌ചക്ക് ഒരുങ്ങുന്നത്.
ആറാഴ്‌ച നീളുന്ന ആദ്യഘട്ട വെടിനിർത്തലിന്‍റെ പതിനാറാം ദിനമായ ഫെബ്രുവരി നാലിന് രണ്ടാംഘട്ടത്തിനായുള്ള ചർച്ച നടക്കും. അതേസമയം, സമാധാന ചര്‍ച്ചയുമായി ആണോ ട്രംപും നെതന്യാഹുവും മുന്നോട്ടുപോകുക, അതോ ഗാസയില്‍ വീണ്ടും ചോരക്കളം തീര്‍ക്കുമോ എന്നതിലും ആശങ്കയുണ്ട്.
കാരണം, മുൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ എടുത്തുകളഞ്ഞിരുന്നു. 2,000 പൗണ്ട് ബോംബുകൾ ഇസ്രയേലിന് നൽകാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇസ്രയേലിനു ബോംബുകൾ നൽകാൻ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് ട്രംപ് സൈന്യത്തിന് നൽകിയ നിർദേശം. വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ട്രംപിന്‍റെ നീക്കം. യുഎസ് സൈനിക സഹായം ഏറ്റവും കൂടുതൽ ലഭിക്കുന്ന രാജ്യമാണ് ഇസ്രയേൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതുകൊണ്ട് തന്നെ ഫെബ്രുവരി നാലിന് നടക്കുന്ന ട്രംപ്-നെതന്യാഹു കൂടിക്കാഴ്‌ച നിര്‍ണായകമാണ്. ട്രംപ് അധികാരത്തിലെത്തുന്നതിന് മുമ്പ് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്നും യുദ്ധം അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ തുടരാൻ ട്രംപ് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ടുപോകില്ല എന്നാണ് ഇസ്രയേല്‍ തീരുമാനമെങ്കിലും ട്രംപ് പിന്തുണയ്‌ക്കുമെന്നും വേണ്ടത്ര ആയുധങ്ങള്‍ ഇസ്രയേലിന് കൈമാറുമെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനെതിരെ കൂടുതൽ സമ്മർദ്ദം ചെലുത്താനും, ഇറാന്‍റെ എതിരാളിയും അറബ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യവുമായ സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങൾ നടത്താനും ട്രംപ് ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇസ്രയേലും ഹമാസും തടവിലാക്കിയവരെ വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി മോചിപ്പിച്ചിരുന്നു.
വടക്കൻ ഗാസയിലേക്ക് 4 ലക്ഷത്തിനടുത്ത് പലസ്‌തീനികള്‍ മടങ്ങിയെത്തി
വെടിനിര്‍ത്തല്‍ കരാർ പ്രകാരം പലസ്‌തീനികളെ ഗാസയിലേക്ക് മടങ്ങിവരാൻ ഇസ്രയേല്‍ അനുവദിച്ചിരുന്നു. ഇതിനുപിന്നാലെ മൂന്നേമുക്കാല്‍ ലക്ഷത്തില്‍ അധികം പലസ്‌തീനികൾ വടക്കൻ ഗാസയിലേക്ക് തിരിച്ചെത്തിയതായി ഐക്യരാഷ്ട്രസഭ ചൊവ്വാഴ്‌ച അറിയിച്ചു. യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങളിൽ പലായനം ചെയ്‌ത ദശലക്ഷക്കണക്കിന് ആളുകളിൽ മൂന്നിലൊന്ന് പേരാണ് തിരിച്ചെത്തിയത്.
ഇസ്രയേല്‍-ഹമാസ് തടവിലാക്കപ്പെട്ട ബന്ദികളുടെ കൈമാറ്റം തുടരും
വെടിനിർത്തൽ കരാര്‍ പ്രകാരം ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളുടെ അടുത്ത മോചനം വ്യാഴാഴ്‌ച നടക്കും, തുടർന്ന് ശനിയാഴ്‌ച മറ്റൊരു കൈമാറ്റവും നടക്കും. ആറ് ആഴ്‌ച നീണ്ടുനിൽക്കുന്ന വെടിനിർത്തലിന്‍റെ ആദ്യ ഘട്ടത്തിൽ, 2023 ഒക്ടോബർ 7 ന് ഹമാസ് പിടിക്കപ്പെട്ട 33 ബന്ദികളെ മോചിപ്പിക്കണം, ഇതിനുപകരമായി ഏകദേശം 2,000 പലസ്‌തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കണമെന്നതാണ് കരാര്‍.