വാഷിങ്ടൺ: രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്‌ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി ചര്‍ച്ച നടത്തി നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്‌നിലെ യുദ്ധം വ്യാപിപ്പിക്കരുതെന്ന് പുടിനോട് ട്രംപ് ഫോണിലൂടെ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഫ്ളോറിഡയിലെ തൻ്റെ റിസോർട്ടിൽ നിന്നാണ് ട്രംപ് പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്.
യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. യൂറോപ്പിലെ യുഎസ് സൈന്യത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് ട്രംപ് പുടിനെ ഓർമ്മപ്പെടുത്തുകയും ചെയ്‌തു. യുക്രെയിനുമായുളള യുദ്ധം ഉടന്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള തുടര്‍ ചര്‍ച്ചകള്‍ക്ക് ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ അമേരിക്കൻ പ്രസിഡന്‍റായി വൈറ്റ്‌ഹൗസില്‍ എത്തുന്ന ട്രംപ് യുക്രെയ്ൻ-റഷ്യ സംഘര്‍ഷത്തില്‍ ഇടപെടാൻ ആഗ്രഹിക്കുന്നില്ലന്നും, യുദ്ധം കൂടുതല്‍ വഷളാകാതിരിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നും മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.